നടന്‍ വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി യു.എ.ഇ പൊലീസ്
ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കെ, യു.എ.ഇയിൽ തുടരുക പ്രതിക്ക് എളുപ്പമല്ല.
യു.എ.ഇ: നടൻ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് കൈമാറിയ സാഹചര്യത്തിൽ യു.എ.ഇ സുരക്ഷാ വിഭാഗം പ്രതിക്കെതിരെ ഉടൻ നടപടി ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കെ, യു.എ.ഇയിൽ തുടരുക പ്രതിക്ക് എളുപ്പമല്ല. യു.എ.ഇയിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി കൂടുതൽ സങ്കീർണമാകും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് ഇന്നാണ് അറസ്റ്റ് വാറണ്ട് കൈമാറിയത്. ഇന്‍റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി.
കൊച്ചി സിറ്റി പൊലീസ് നല്‍കിയ അപേക്ഷയിലാണ് നടപടി. നടന്‍ ദുബൈയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വിജയ് ബാബുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്‍റര്‍പോള്‍ വഴി യു.എ.ഇ പൊലീസിന് കൈമാറിയത്.