യുഎഇയിലെ പുതിയ തൊഴില്‍നിയമത്തിലെ തൊഴില്‍കരാര്‍ വ്യവസ്ഥകള്‍

സ്വകാര്യജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള മാനദണ്ഡങ്ങളെന്തെല്ലാം..? നോട്ടിസ് പിരീഡും നഷ്ടപരിഹാരവും എപ്രകാരം..?

Update: 2022-03-14 14:14 GMT
Advertising

യു.എ.ഇയിലെ സ്വകാര്യ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി, കഴിഞ്ഞ ഫെബ്രുവരിയോടെ നടപ്പില്‍ വന്ന പുതിയ തൊഴില്‍നിയമ(ഫെഡറല്‍ ഡിക്രി-33-2021)പ്രകാരം, തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഗുണകരമാകുന്ന നിരവധി മാറ്റങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് തൊഴില്‍കരാര്‍ വ്യവസ്ഥകള്‍. നിശ്ചിത തൊഴില്‍കരാര്‍ വ്യവസ്ഥകള്‍ ഏതൊക്കെ തരത്തിലാണ് ഇരുകൂട്ടര്‍ക്കും ഗുണകരമാകുക..?

നോട്ടിസ് പിരീഡ്

നിശ്ചിത നോട്ടിസ് പിരീഡ് രേഖാമൂലം സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമയ്ക്കോ അല്ലെങ്കില്‍ തൊഴിലാളിക്കോ തന്നെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നതായിരിക്കും.

തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 43(1) പ്രകാരം, ഒരു തൊഴില്‍ കരാറിലെ ഏതെങ്കിലും കക്ഷിക്ക്, മറ്റൊരാള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയാലാണ്, നല്ല നിലയില്‍ തങ്ങളുടെ തൊഴില്‍കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുക. ഇതിനായി 30 ദിവസത്തില്‍ കുറയാത്തതും 90 ദിവസത്തില്‍ കൂടാത്തതുമായ നോട്ടിസ് പിരീഡ് ആണ് ആവശ്യമായി വരിക.

തൊഴിലുടമയ്ക്ക് ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കാമോ..?

ചില സന്ദര്‍ഭങ്ങളില്‍, രേഖാമൂലമുള്ള നോട്ടീസ് പിരീഡ് നല്‍കാതെയും ഒരു ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കാനും തൊഴിലുടമയ്ക്ക് സാധിക്കും. ജീവനക്കാരന്‍ തെറ്റായ രേഖകള്‍ സമര്‍പ്പിക്കുക, തൊഴിലുടമയുടെ ബിസിനസ്സ് രഹസ്യങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക, തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കാതിരിക്കുക, ജോലിക്കാരന്റെ ജോലിയെ ബാധിക്കുന്ന തരത്തിലുള്ള ലഹരി ഉപയോഗം, ജോലിസ്ഥലത്ത് അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍, തുടര്‍ച്ചയായി ഒരാഴ്ചയോ അതിലധികമോ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമുള്ളത്.

തൊഴിലാളിയുടെ അവകാശം

അതുപോലെ, ഒരു ജീവനക്കാരന് നോട്ടിസ് പിരീഡ് രേഖാമൂലം നല്‍കാതെ തന്നെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനും സാധിക്കും. തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ തൊഴിലുടമ പാലിക്കുന്നില്ലെങ്കിലാണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തൊഴിലാളിക്ക് അനുമതിയുള്ളത്. ജീവനക്കാരനെ ആക്രമിക്കുക, അല്ലെങ്കില്‍ അവന്റെ സമ്മതമില്ലാതെ കരാറിലില്ലാത്ത മറ്റൊരു ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക ഇക്കാരണങ്ങള്‍ കൊണ്ടും തൊഴിലാളിക്ക് ജോലി ഉപേക്ഷിക്കാവുന്നതാണ്.

നഷ്ടപരിഹാരം

തൊഴിലുടമയോ ജീവനക്കാരനോ നോട്ടിസ് പിരീഡ് രേഖാമൂലം കൈമാറാതെ തെഴില്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, കരാര്‍ ലംഘിച്ചയാള്‍ അടുത്ത കക്ഷിക്ക് നഷ്ടപരിഹാരം നല്‍കല്‍ നിര്‍ബന്ധമാണ്. നോട്ടീസ് കാലയളവിലെ ജീവനക്കാരന്റെ ശമ്പളത്തിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടതായി വരിക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News