മസ്ജിദുല്‍ ഹറാം നിറഞ്ഞു കവിഞ്ഞു
പത്ത് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇന്നലെ ഹറമിലേക്ക് പ്രാര്‍ഥനക്കായി എത്തിയത്
ഹജ്ജിന്റെ അവസാന ദിനമായ ഇന്നലെ മക്കയിലെ മസ്ജിദുല്‍ ഹറാം നിറഞ്ഞു കവിഞ്ഞു. പത്ത് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇന്നലെ ഹറമിലേക്ക് പ്രാര്‍ഥനക്കായി എത്തിയത്. പുലര്‍ച്ചെ മുതല്‍ തന്നെ ഹറമിലേക്ക് തീര്‍ഥാടക പ്രവാഹം ശക്തമായിരുന്നു.
തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് നേരത്തെ നിര്‍ത്തി വച്ചിരുന്നു. ഭൂരിഭാഗം പേരും കാല്‍ നടയായിയായിരുന്നു ഹറമിലെത്തിയത്. ഹജ്ജിന്റെ അവസാന ദിനത്തില്‍ കല്ലേറ് നടത്തിയവര്‍ കഅ്ബാ പ്രദക്ഷിണം നടത്തി. സഫാ മര്‍വാ മലനിരക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കി. ഇത് കഴിഞ്ഞ് വെള്ളിയാഴ്ച പ്രാര്‍ഥന അഥവാ ജുമുഅക്കായുള്ള കാത്തിരിപ്പ്.
ഉച്ചയോടെ ഹറം നിറഞ്ഞു കവിഞ്ഞു. മിനാ താഴ്‌വര വിട്ട് ഹജ്ജിനോട് വിരമിക്കുന്ന ഹാജിമാരില്‍ ഭൂരിഭാഗം പേരും ഇന്ന് ഹറമിലെത്തി. ഹാജിമാരുടെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ വിഭാഗം നേരത്തെ ക്രമീകരണം ഉറപ്പ് വരുത്തിയിരുന്നു. 40 ഡിഗ്രി ചൂടാണ് ഈയാഴ്ച ശരാശരി മക്ക മേഖലയില്‍. ഇത് കണക്കാക്കി ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ തീര്‍ഥാടകര്‍ക്ക് മതിയായ ആരോഗ്യ സേവനം ഉറപ്പു വരുത്തിയിരുന്നു. അവസാന വെള്ളിയാഴ്ചയും ഹറമില്‍ ചിലവഴിച്ചാണ് ആഭ്യന്തര തീര്‍ഥാടകരില്‍ പകുതിയോളം പേര്‍ മക്ക വിട്ടത്.