അറഫയില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് നടത്തി
പ്രളയത്തില്‍ മുങ്ങിയ നാടിനായുള്ള പ്രാര്‍ഥനകളോടെ അറഫയില്‍ നിന്നും മടങ്ങിയ ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് നടത്തി. ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ഇന്ന് ശുഭ്ര വസ്ത്രത്തില്‍ നിന്നും ഒഴിവാകും. ബലിപെരുന്നാള്‍ ദിനമായ ഇന്ന് ബലികര്‍മങ്ങളും ഹാജിമാര്‍ നടത്തും. ലബ്ബൈക്ക് വിളികള്‍ നിറഞ്ഞ അറഫയിലെ മലയാളി തമ്പുകളില്‍ പ്രാര്‍ഥന നാടിനായിരുന്നു.
അറഫാ സംഗമം കഴിഞ്ഞ് ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ത്തു. ഇവിടെ നിന്നും ശേഖരിച്ച കല്ലുകളുമായെത്തി പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ്. മനുഷ്യന്റെ ഉള്ളിലെ പൈശാചിതകളെ കല്ലെറിഞ്ഞോടിക്കുകയാണ് ഈ കര്‍മത്തിലൂടെ ഹാജിമാര്‍. ഇതു കഴിഞ്ഞ ഹാജിമാര്‍ കഅ്ബയെ വലം വെക്കുകയാണ്. ബലി പെരുന്നാള്‍ ദിനമായ ഇന്ന് ബലി കര്‍മം കൂടി പൂര്‍ത്തിയാകുന്നതോടെ മുടി മുറിച്ച് ഹാജിമാര്‍ ഹജ്ജ് വസ്ത്രത്തില്‍ നിന്നൊഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും.