നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടോ? ഇതാ സ്വയം കണ്ടെത്തൂ, പരിഹരിക്കൂ...

ഭക്ഷണം എത്ര കുറച്ചിട്ടും പൊണ്ണത്തടി കുറയുന്നില്ലെന്ന് പരാതിപ്പെടല്ലേ. അതിനുമുമ്പ് അതിന് വേണ്ടി നമ്മള്‍ വേറെ എന്ത് ചെയ്ത് എന്ന് ഒന്ന് ആലോചിക്കുക.

Update: 2018-10-11 07:23 GMT
Advertising

ലോക അമിതവണ്ണദിനമാണിന്ന്. പൊണ്ണത്തടിയാണ് ഇന്ന് ഏവരും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം. എന്ത് ചെയ്തിട്ടും തടി കുറയുന്നില്ലെന്നതാണ് നമ്മുടെ പ്രധാന പരാതി. പക്ഷേ, നമ്മളെന്തൊക്കെ ചെയ്തിട്ടും ചെയ്യാതിരുന്നിട്ടുമാണ് ഈ അമിതവണ്ണം നമ്മുടെ സ്വന്തമായതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ.

ശാസ്ത്രത്തിന്റെ പുരോഗതിയാണ് ഇക്കാര്യത്തിലെ പ്രധാന വില്ലന്‍. ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ടുഫോണുകള്‍- ഇവയാണ് ഇപ്പോള്‍ നമ്മുടെ ശാരീരിക അധ്വാനത്തെ നിയന്ത്രിക്കുന്ന വസ്തുക്കള്‍. നടന്നുള്ള യാത്രകള്‍ നിന്നു, വാഹനമില്ലെങ്കില്‍ നമ്മളെങ്ങോട്ടും യാത്ര പോകില്ലെന്നായി. കായികാധ്വാനമുള്ള വീട്ടുജോലികള്‍ എല്ലാം യന്ത്രങ്ങളുടെ തലയിലായി. സ്കൂളുകളിലെ കായിക പിരീയഡുകള്‍ പോലും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന പേര് പറഞ്ഞ് എടുത്തുകളയപ്പെട്ടു. കളിസ്ഥലങ്ങളൊക്കെ എന്നോ റിയല്‍ എസ്റ്റേറ്റും കയ്യടക്കി.

കുട്ടികളില്‍ കാണുന്ന അമിതവണ്ണം, കുട്ടികളുടെ ആരോഗ്യമായിട്ടാണ് മാതാപിതാക്കളും നാട്ടുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നിട്ടും, ജങ്ക്ഫുഡും, ടിന്‍ഫുഡും, ബേക്കറി പലഹാരങ്ങളും കുട്ടി ആവശ്യപ്പെട്ടിട്ടും അല്ലാതെയും നമ്മള്‍ അവരെ വാങ്ങിതീറ്റിക്കുന്നു.

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയിലേക്കുള്ള ചൂണ്ടുപലകയാണ് പൊണ്ണത്തടി എന്ന് ഇന്നും ആരും തിരിച്ചറിയുന്നില്ല. പെട്ടെന്നുള്ള ഹാര്‍ട്ട് അറ്റാക്ക് മരണം പൊണ്ണത്തടിയന്മാരില്‍ കൂടുതലാണ്. അമിത വണ്ണമുള്ളവര്‍ വണ്ണമില്ലാത്തവരേക്കാള്‍ പത്തുപതിനഞ്ചുവര്‍ഷം നേരത്തെ മരണത്തെ പുല്‍കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

കാല്‍മുട്ട്, ഉപ്പൂറ്റി വേദനകളും പൊണ്ണത്തടിയുള്ളവരില്‍ കൂടുതലായി കാണാം. ഡിപ്രഷനും ഇത്തരക്കാര്‍ പെട്ടെന്ന് അടിമപ്പെടുന്നുണ്ട്. കൂര്‍ക്കം വലിയാണ് ഇവരില്‍ കാണപ്പെടുന്ന മറ്റൊരു ബുദ്ധിമുട്ട്. കൂടാതെ അണ്ഡാശയം, ഗര്‍ഭാശയം, വന്‍കുടല്‍, പ്രോസ്റ്റേറ്റ് എന്നീ ഭാഗങ്ങളിലെ കാന്‍സര്‍ ബാധയും മറ്റുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടിക്കാരില്‍ കൂടുതലായി കാണുന്നുണ്ട്.

ഭക്ഷണം എത്ര കുറച്ചിട്ടും പൊണ്ണത്തടി കുറയുന്നില്ലെന്ന് പരാതിപ്പെടല്ലേ. അതിനുമുമ്പ് അതിന് വേണ്ടി നമ്മള്‍ വേറെ എന്ത് ചെയ്തg എന്ന് ഒന്ന് ആലോചിക്കുക. കാരണം, ഭക്ഷണം കഴിക്കുന്നതും ഊര്‍ജം ചെലവഴിക്കുന്നതും തുല്യമായാല്‍ തടി കൂടില്ലായിരുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യമുണ്ടാവേണ്ടത്. ഭക്ഷണം കുറച്ചാലും ദേഹാധ്വാനം കൂടുതല്‍ ചെയ്യണം. ഇതിന് ആദ്യം വേണ്ടത് ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമമാണ്.

തടികുറയ്ക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. സിബുട്രാമിന്‍ (Sibu Tramine) എന്ന മരുന്ന് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതിന്റെ വിപണനം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഓര്‍ലിസ്റ്റാറ്റ് (Orlistat) എന്ന മരുന്നും പൊണ്ണത്തടി കുറയ്ക്കും. കുടലില്‍ കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കാനാണ് ഓര്‍ലിസ്റ്റാറ്റ് സഹായിക്കുന്നത്. ലെപ്പോസക്ഷന്‍ (Liposuction) എന്ന ശസ്ത്രക്രിയ തടി കുറയ്ക്കാന്‍ പ്രചാരം നേടിയതാണ്. വയറിലടിഞ്ഞ കൊഴുപ്പ് നീക്കാന്‍ ഗാസ്ട്രിക് ബാന്റിംങ്ങ് (Gastric Banding) എന്ന ശസ്ത്രക്രിയ ചെയ്യുന്നവരും ഉണ്ട്.

പക്ഷേ ഏറ്റവുമാദ്യം അമിത ഭക്ഷണത്തോടും വ്യായാമരഹിത ജീവിതത്തോടും കുട്ടിക്കാലത്ത് തന്നെ ബൈബ പറയുക. ഈ ശീലം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കുക.

നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടോയെന്ന് ഇതാ സ്വയം കണ്ടെത്താം

ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബി.എം.ഐ ലാണ് പൊണ്ണത്തടി നിര്‍ണയിക്കുന്നത്. ശരീരഭാരത്തെ (കിലോഗ്രാം) ശരീരത്തിന്റെ ഉയരത്തിന്റെ (മീറ്ററില്‍) സ്ക്വയര്‍ കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നതാണ് ബി.എം.ഐ.

ഒരാളുടെ തൂക്കം 65 കിലോഗ്രാമും ഉയരം 1.67 മീറ്ററും ആണെങ്കില്‍ അയാളുടെ ബി.എം.ഐ - 65/1.67 X 1.67 = 23.3 ആയിരിക്കും.

ഇനി താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കൂ..

കടപ്പാട്: നമ്മുടെ ആരോഗ്യം മാസിക, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Tags:    

Similar News