അമിതവണ്ണത്തെയും അസുഖത്തെയും അകറ്റാന്‍ നാം നമ്മളെ പഠിപ്പിക്കേണ്ട 10 ആരോഗ്യപാഠങ്ങള്‍

ഭക്ഷണം എത്ര കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ്, ഒരാളുടെ ആരോഗ്യത്തിന്റെ മാനദണ്ഡം

Update: 2018-10-17 08:09 GMT
Advertising

ജീവന്‍ നിലനിര്‍ത്താനാണ് നാം ഭക്ഷണം കഴിക്കുന്നതെങ്കിലും, ചിലരെ കണ്ടാല്‍ നാം അറിയാതെ പറഞ്ഞുപോകാറുണ്ട്, ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനാണെന്ന്. ഭക്ഷണം എത്ര കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ്, ഒരാളുടെ ആരോഗ്യത്തിന്റെ മാനദണ്ഡം.

1. വിവിധ ഇനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുക

നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷണങ്ങള്‍ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി, നിത്യേനയുള്ള ഭക്ഷണത്തില്‍ വൈവിധ്യം വരുത്തിയാല്‍തന്നെ നാം കഴിക്കുന്ന ആഹാരം സന്തുലിതമാകും. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ,മത്സ്യം, മാംസം, പാൽ, പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ഒരു ധാരണയുണ്ടായിരിക്കുക.

2. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക

  • ചീര, മുരിങ്ങയില, കാബേജ്, പാലക്ക് മുതലായ ഇലക്കറികള്‍ ദിവസവും 50 ഗ്രാം
  • ഉള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ബീറ്റ്റൂട്ട്, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ദിവസം 50 ഗ്രാം വീതം
  • വെണ്ട, പാവയ്ക്ക, മുരിങ്ങ, ബീന്‍സ്, തക്കാളി, കോളിഫ്ലവര്‍, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ദിവസവും 200 ഗ്രാം വീതം.
  • പ്രാദേശികമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ 100 ഗ്രാം വീതം സീസണ്‍ അനുസരിച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാരണം, സീസണില്‍ ആണെങ്കില്‍ കീടനാശിനിയും പണവും ഒരുപോലെ കുറവായിരിക്കും.

3. പാചകത്തിനുള്ള എണ്ണയുടെ ഉപയോഗം കുറയ്ക്കുക. നെയ്യിലുള്ള പാചകം പൂര്‍ണമായും ഒഴിവാക്കുക

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന് 20 ഗ്രാം എണ്ണ മാത്രമാണ് ദിവസവും ആവശ്യമുള്ളത്. തേങ്ങ, അണ്ടിപ്പരിപ്പുകള്‍, മാംസം തുടങ്ങി നാം ഉപയോഗിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളിലും എണ്ണ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ നേരിട്ട് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് എന്തുകൊണ്ടും കുറയ്ക്കുന്നതാണ് നല്ലത്.

4. ഒരിക്കല്‍ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്

എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമായ പ്രേരക ഘടകങ്ങളെ സൃഷ്ടിക്കുന്നുണ്ട്. വറുക്കാനുപയോഗിച്ച എണ്ണ വീണ്ടും വറുക്കാനുപയോഗിക്കാതിരിക്കുക, പകരം കടുക് പൊട്ടിക്കുന്നതിന് മാത്രം എടുക്കാം.

5. ഓരോരുത്തരുടെയും അധ്വാനത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക

വീട്ടമ്മമാരും ഓഫീസുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരും ലഘുവായി അധ്വാനിക്കുന്നവരുടെ ലിസ്റ്റില്‍പ്പെടുന്നവരാണ്, എന്നാല്‍ അതല്ല ദിവസം മുഴുവന്‍ കഠിനമായി അധ്വാനിക്കുന്ന നിര്‍മ്മാണ തൊഴിലാളികളെ പോലുള്ളവരുടെ അവസ്ഥ. ചെയ്യുന്ന ജോലിക്കനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും വ്യത്യാസം വരുത്തണം.

6. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക

ഒരു മനുഷ്യന് ഒരു ദിവസം ശരാശരി 1 ടീസ്പൂണ്‍ ഉപ്പുമതി. അതായത് 6 ഗ്രാം. എന്നാല്‍ നാം കഴിക്കുന്നത് 10മുതല്‍ 15 ഗ്രാം വരെയാണ്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നിയന്ത്രിച്ച് ഹോട്ടല്‍ ഭക്ഷണവും ബേക്കറി പലഹാരവും കഴിച്ചാല്‍ അതുകൊണ്ടു കാര്യമില്ല. പപ്പടം, ഉണക്കമീന്‍, ഉപ്പിലിട്ടത് എന്നിവ കഴിക്കും മുമ്പ് ഒന്ന് ആലോചിക്കുക

7. വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം

വീടിന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള സാഹചര്യങ്ങളിലാവാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുക.

8. വെള്ളം ധാരാളം കുടിക്കുക

ദിവസം ഒന്നരലിറ്റര്‍ വെള്ളം കുടിക്കുക. ചായയോ കാപ്പിയോ കുടിച്ചാലും ദിവസം 6 ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം തോന്നുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വേനല്‍ക്കാലമായാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുക. കൂടുതല്‍ അധ്വാനമുള്ള ജോലി ചെയ്യുന്നവരും ഗര്‍ഭിണികളും കൂടുതല്‍ വെള്ളം കുടിക്കുക. വെള്ളം ശുദ്ധമാണെന്നും ഉറപ്പുവരുത്തുക

9. ബേക്കറി സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക

പകരം വീട്ടിലുണ്ടാക്കുന്ന അവല്‍ നനച്ചത്, അവല്‍ ഉപ്പുമാവ്, സുഖിയന്‍, കടലയോ പയറോ പുഴുങ്ങി ശര്‍ക്കരയും തേങ്ങയും ചേര്‍ത്തൊക്കെ കഴിക്കാം.

10. പാക്കറ്റുഫുഡുകളുടെ ഉപയോഗം കുറയ്ക്കുക

റെഡി റ്റു ഈറ്റ്, റെഡി റ്റു കുക്ക്, ടിന്‍ ഫുഡ്, ജങ്ക് ഫുഡ് എന്നിവയാണ് ഇന്ന് എല്ലാവര്‍ക്കും താത്പര്യം. ഇത്തരം സാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പും മധുരവും ഉപ്പും കെമിക്കലുകളും എല്ലാ അവയിലുണ്ട് എന്നതില്‍ അമിതഭാരവും അസുഖവും മാത്രമായിരിക്കും ആരോഗ്യത്തിന് പകരം സ്വന്തമാവുക.

Tags:    

Similar News