'ഇന്ത്യ ഹൃദ്രോഗികളുടെ ലോക തലസ്ഥാനം'; മുന്നറിയിപ്പ്
കൗമാരക്കാര്‍ക്കിടയിലാണ് ഹൃദയസ്തംഭനം കൂടുതലെന്ന് സി.എസ്.ഐ
ഇന്ത്യ ഹൃദ്രോഗികളുടെ ലോക തലസ്ഥാനമാണെന്ന് കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ.ഇന്ത്യയിൽ പെട്ടെന്നുള്ള ഹൃദയാഘാത കേസുകളുടെ എണ്ണത്തില്‍ വന്‍ വർധനവുണ്ടായതായും കൗമാരക്കാര്‍ക്കിടയിലാണ് ഹൃദയസ്തംഭനം കൂടുതലെന്നും സി.എസ്.ഐ അറിയിച്ചു. ഹൃദയാഘാത കേസുകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് അവബോധ പരിപാടിയിലാണ് സി.എസ്.ഐ രാജ്യത്തെ കുത്തനെയുള്ള ഹൃദ്രോഗികളുടെ എണ്ണത്തില്‍ ആശങ്ക അറിയിച്ചത്.
കൗമാരക്കാര്‍ക്കിടയില്‍ മാത്രമല്ല, സ്ക്കൂള്‍ കുട്ടികളിലും ഹൃദ്രോഗ ഭീഷണി സാധ്യത നിലനില്‍ക്കുന്നതായി 5000 ത്തിലധികം ഡോക്ടർമാർ നിരീക്ഷിച്ചു. ഹൃദയാരോഗ്യത്തെ കുറിച്ചും ഹൃദ്രോഗ ഭീഷണിയെ കുറിച്ചും സ്കൂളുകളില്‍ ബോധവത്കരണം നടത്തണമെന്ന് സി.എസ്.ഐ കണ്‍വീനര്‍ ഡോ. രാജീവ് ഗുപ്ത പറഞ്ഞു. രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള മലിനീകരണം,വ്യായാമക്കുറവ്, വിഷാദ രോഗങ്ങള്‍, ഐ.ടി മേഖലയിലുള്ളവരുടെ ഉയര്‍ന്ന സ്ക്രീന്‍ സമയം, ഉയർന്ന അളവിലുളള പഞ്ചസാര എന്നിവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതശൈലിയിലെ മാറ്റവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിച്ചതായി സി.എസ്.ഐ നിരീക്ഷിച്ചു. ഇതിനെല്ലാം പുറമേ രാജ്യത്തെ ദാരിദ്രവും തൊഴിലില്ലായ്മയും മൂലമുണ്ടാകുന്ന വിഷാദവും ഹൃദ്രോഗത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ അറിയിച്ചു.