പല്ലുതേപ്പ് പാരയാകും ഈ സാഹചര്യങ്ങളിൽ; ബ്രഷ് ചെയ്യുന്നതിനുമുണ്ട് ഓരോ സമയം
ബ്രഷിങ് ഒഴിവാക്കേണ്ട ചില സമയങ്ങളുണ്ട്. ഉടനടി ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമാകും
വൃത്തിയുടെ മുൻനിരയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ശീലമാണ് പല്ലുതേപ്പ്. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മാത്രമല്ല വ്യക്തിശുചിത്വത്തിനും പ്രധാനമാണിത്. ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. എന്നാൽ, അമിതമായാൽ അപകടം എന്നുപറയും പോലെ ഏത് നേരവും അങ്ങനെ പല്ലുതേക്കാൻ പാടില്ല. ബ്രഷിങ് ഒഴിവാക്കേണ്ട ചില സമയങ്ങളുമുണ്ട്.
സാധാരണ ഉറങ്ങി എഴുന്നേൽക്കുമ്പോഴും ഉറങ്ങാൻ പോകുന്നതിന് മുൻപുമാണ് സാധാരണ പല്ലുതേക്കേണ്ടതെന്നാണ് സ്‌കൂൾതലത്തിൽ തൊട്ട് നാം പഠിച്ചുവരുന്നത്. എന്നാൽ, വൃത്തി അല്പം കൂടിയ ചിലർ ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും ബ്രഷ് ചെയ്യാറുണ്ട്. എപ്പോൾ ബ്രഷ് ചെയ്യണമെന്നത് വായയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
ഉടനടി ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമാകും. ഇത്തരത്തിലുള്ള മൂന്ന് സാഹചര്യങ്ങൾ വിശദീകരിച്ചിരിക്കുകയാണ് ദന്തഡോക്ടർ ഡോ സുരീന സെഹ്ഗാൾ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഡോക്ടർ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഭക്ഷണത്തിന് ശേഷം
ഭക്ഷണം കഴിച്ചയുടൻ പല്ലുതാക്കരുതെന്ന് ഡോക്ടർ പറയുന്നു. ഭക്ഷണം കഴിക്കുന്നത് വായയിൽ അസിഡിറ്റിക്ക് കാരണമാകുന്നു. പിന്നാലെ ബ്രഷ് ചെയ്യുകയാണെങ്കിൽ പല്ലിന്റെ ഇനാമലിനെ ദുർബലമാക്കാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ പേസ്റ്റിന്റെ അംശം ചേരുമ്പോൾ കൂടുതൽ ധാതുവൽക്കരണം സംഭവിക്കുകയും പല്ല് വേഗം നശിക്കാൻ ഇടയാക്കുകയും ചെയ്യും.
ഉമിനീർ ആസിഡുകളെ നിർവീര്യമാക്കാനും വായയെ അതിന്റെ സാധാരണ പിഎച്ച് നിലയിലേക്ക് തിരികെ കൊണ്ടുവരാനും കുറച്ച് സമയം ആവശ്യമാണ്. അതിനാൽ പല്ലുതേക്കാൻ ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ കാത്തിരിക്കണമെന്ന് ദന്ത വിദഗ്ധർ പറയുന്നു.
ഛർദിച്ച ശേഷം..
ഛർദ്ദിച്ച ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം. ഛർദിച്ചതിന് ശേഷം പല്ലുതേച്ചാൽ ആമാശയത്തിലെ വിനാശകാരികളായ ആസിഡുകൾ പല്ലുകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. വളരെ വേഗം ബ്രഷ് ചെയ്യുന്നത് ഈ ആസിഡുകൾ വായയ്ക്ക് ചുറ്റും വ്യാപിക്കുകയും ഇനാമൽ ദുർബലമാകുകയും ചെയ്യും. ഛർദ്ദിക്ക് ശേഷം 30 മിനിറ്റെങ്കിലും വായയുടെ പി.എച്ച് സ്ഥിരമായെന്ന് ഉറപ്പാക്കാൻ കാത്തിരിക്കേണ്ടതുണ്ട്.
കാപ്പികുടിക്ക് ശേഷം..
കാപ്പികുടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാപ്പി വായയുടെ പിഎച്ച് അളവ് കുറയ്ക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ഈ അവസ്ഥയിൽ ബ്രഷ് ചെയ്യുന്നത് ഇനാമലിന് കേടുപാടുകൾ വരുത്തും. കാപ്പി കുടിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ വൃത്തിയായി കഴുകണം. അരമണിക്കൂറിന് ശേഷം മാത്രമേ ബ്രഷ് ചെയ്യാൻ പാടുള്ളൂ.
വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം. എന്നാൽ, വൃത്തിയാക്കുന്നതിലും വേണം പ്രത്യേക ശ്രദ്ധ. പല്ലുകൾ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും ഇനാമൽ കരുത്തോടെയിരിക്കാനും ഇത് സഹായകമാകും.