ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംങ് ലോക ഹോക്കിയിലെ മികച്ചതാരം
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം നേടുന്നത്...
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ(എഫ്.ഐ.എച്ച്) മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. 1999ല്‍ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയതു മുതല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന വോട്ടിംങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്.
വിവിധ ഹോക്കി അസോസിയേഷനുകള്‍ മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍, കളിക്കാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ വോട്ടെടുപ്പിനൊടുവിലാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്. മന്‍പ്രീത് സിംഗിന് 35.2 ശതമാം വോട്ടു ലഭിച്ചു രണ്ടാമതെത്തിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറന് 19.7 ശതമാനവും മൂന്നാം സ്ഥാനക്കാരന്‍ അര്‍ജന്റീനയുടെ ലൂക്കാസ് വിലക്ക് 16.5 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
പുരുഷ, വനിതാ വിഭാഗത്തില്‍ റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. പുരുഷവിഭാഗത്തില്‍ വിവേക് സാഗര്‍ പ്രസാദും വനിതാ വിഭാഗത്തില്‍ ലാല്‍റെസിയാമിയുമാണ് ഭാവിയിലെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒളിംപിക് സ്വര്‍ണ്ണം നേടിയിട്ടുള്ള സ്വരൂപ് സിംങ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പര്‍ഗത് സിംങ് തുടങ്ങി ഹോക്കിയിലെ മഹാരഥന്മാരെ സംഭാവന ചെയ്ത ജലന്ധറിലെ മിര്‍താപൂരില്‍ നിന്നാണ് മന്‍പ്രീത് സിംഗിന്റെ വരവ്. ഇന്ത്യക്കുവേണ്ടി 260 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മന്‍പ്രീത് സിംഗ്. 2011 ലാണ് മന്‍പ്രീത് സിംഗ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. 2014 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ തേവര്‍ഷം തന്നെ കോമണ്‍വെല്‍ത്തില്‍ വെള്ളി 2016, 2018 ചാമ്പ്യന്‍സ് ട്രോഫി വെള്ളി തുടങ്ങി മന്‍പ്രീത് സിംങിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.
2012 ലണ്ടനിലേയും 2016 റിയോയിലേയും ഒളിംപിക്‌സ് അടക്കമുള്ള പല പധാന ചാമ്പ്യന്‍ഷിപ്പുകളിലും അദ്ദേഹം രാജ്യത്തിനായി കളിച്ചു. കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലും സ്‌പെയ്‌നിലും നേടിയ വിജയങ്ങള്‍ ഇന്ത്യന്‍ ഹോക്കിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഹോക്കി പ്രോ ലീഗിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
ടീമിന്റെ മികവിന് ലഭിച്ച പുരസ്‌കാരമായിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് മന്‍പ്രീത് പ്രതികരിച്ചു. ഒളിംപിക് മെഡല്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീം ടോക്യോയില്‍ കൂടുതല്‍ ആക്രമണാത്മക ഹോക്കിയാകും കളിക്കുകയെന്നും മന്‍പ്രീത് പറഞ്ഞു. ഈ പുരസ്‌കാരം ടീമിന് സമര്‍പ്പിക്കുന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു.