ഹൂസ്റ്റൺ റാപ്പർ ബിഗ് പോക്കി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
ബ്യുമോണ്ട് നഗരത്തിലെ ബാറില്‍ പ്രകടനം നടത്തുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞു വീണായിരുന്നു മരണം
ടെക്സാസ്: പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ റാപ് താരം ബിഗ് പോക്കിവേദിയിൽ കുഴഞ്ഞു വീണു മരിച്ചു. അമേരിക്കൻ റാപ്പർ മിൽട്ടൺ പവൽ (45) ആണ് മരിച്ചത്. ബിഗ് പോക്കി എന്ന സ്റ്റേജ് പേരിലാണ് അറിയപ്പെടുന്നത്. ജൂണ്‍ 17 ശനിയാഴ്ച്ച രാത്രി ബ്യുമോണ്ട് നഗരത്തിലെ ബാറില്‍ പ്രകടനം നടത്തുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പാടുന്നതിനിടയില്‍ ശ്വാസതടസ്സം നേരിട്ട പോക്കിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകായിരുന്നു. കുഴഞ്ഞു വീണപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
"ഞങ്ങളുടെ പ്രിയപ്പെട്ട ബിഗ് പോക്കി പവലിന്റെ മരണവാര്‍ത്ത വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു" ബിഗുമായി ബന്ധപ്പെട്ടവര്‍ കെപിആര്‍സി ക്ലിക്ക്2ഹൂസ്റ്റണ്‍-നോട് പറഞ്ഞു.
"കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകാതെ ഞങ്ങള്‍ പുറത്തു വിടും. ഈ ദുഃഖകരമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു" ബിഗിന്റെ അധികൃതര്‍ പറഞ്ഞു.
സ്‌ക്രൂ അപ്പ് ക്ലിക്ക് എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു ബിഗ്. 1999-ലെ 'ദി ഹാര്‍ഡസ്റ്റ് പിറ്റ് ഇന്‍ ദി ലിറ്റര്‍' എന്ന സോളോ ആല്‍ബം പുറത്തിറക്കിയതോടെയാണ് ബിഗ് കൂടുതല്‍ പ്രശസ്തനാവുന്നത്. നിരവധി ആല്‍ബങ്ങളും ബിഗ് പുറത്തിറക്കിയിട്ടുണ്ട്. 2021-ല്‍ പുറത്തിറങ്ങിയ 'സെന്‍സി'യാണ് ഏറ്റവും പുതിയ ആല്‍ബം. ബിഗിന്റെ മരണവാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് ആദരാഞ്ജലികള്‍ നേര്‍ന്നത്.