ഓര്‍മ്മകളുടെ അമരത്ത് ലോഹിതദാസ്

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009 ജൂണ്‍ 28നാണ് മലയാള സിനിമക്ക് ഒരു തീരാനഷ്ടം സമ്മാനിച്ചു കൊണ്ട് ലോഹിതദാസ് യാത്രയാകുന്നത്

Update: 2021-06-28 06:37 GMT
By : Web Desk
Advertising

ഇടവപ്പാതിയുടെ തീരത്ത് നിന്നാണ് മലയാളം ആ വാര്‍ത്ത കേള്‍ക്കുന്നത്, ലോഹിതദാസ് എന്ന മഹാനായ കലാകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞുവെന്ന്. ആദ്യം ഒരു ഞെട്ടല്‍, പിന്നെ വിശ്വസിക്കാനാവാത്തത് എന്തോ കേട്ടത് പോലെ ഒരു തോന്നല്‍, അപ്പോഴേക്കും പുറത്ത് മഴ കനത്ത് തുടങ്ങിയിരുന്നു, ആ മഹാപ്രതിഭയുടെ വിയോഗത്തില്‍ പ്രകൃതിയും കരഞ്ഞു തുടങ്ങിയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് 2009 ജൂണ്‍ 28നാണ് മലയാള സിനിമക്ക് ഒരു തീരാനഷ്ടം സമ്മാനിച്ചു കൊണ്ട് ലോഹിതദാസ് യാത്രയാകുന്നത്. ലോഹിയില്ലാത്ത നീണ്ട 12 വര്‍ഷങ്ങള്‍‍...അതൊരു പോരായ്മ തന്നെയാണ് മലയാള ചലച്ചിത്ര ലോകത്തിന്.

കുടുംബ ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ എന്നും നല്ല ഡിമാന്റായിരുന്നു. എന്നാല്‍ ലോഹിയുടെ കുടുംബ ചിത്രങ്ങള്‍ വെറുതെ ഒരു സിനിമയായിരുന്നില്ല, മനസിനുള്ളില്‍ ആഴത്തില്‍ പതിപ്പിച്ചു വയ്ക്കാവുന്ന ചിത്രങ്ങളായിരുന്നു. വെറുതെയിരിക്കുമ്പോള്‍ ആ സിനിമകള്‍ നമ്മെ പലപ്പോഴും വേട്ടയാടും. സേതുമാധവനും ബാലന്മാഷും ഭാനുവും റോയിയുമെല്ലാം നമ്മുടെ ആരൊക്കെയാണെന്ന് തോന്നിപ്പോകും. അതുകൊണ്ടാണ് സ്ക്രീനിലെ അവരുടെ ദുരന്തം കാണുമ്പോള്‍ നമുക്ക് വേദനിക്കുന്നത്. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ജീവിതഗന്ധിയായ ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചു ലോഹി. ഭരതന്‍-ലോഹിതദാസ്, സിബി മലയില്‍-ലോഹിതദാസ് ഈ കൂട്ടുകെട്ടില്‍ എത്രയോ മികച്ച സിനിമകള്‍ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും അവയെ മറികടക്കാന്‍ മറ്റൊരു ചിത്രമില്ലെന്ന് വേണം പറയാന്‍. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ മികച്ച കഥാപാത്രങ്ങള്‍ ലോഹിയുടെ തൂലികയില്‍ നിന്നായിരുന്നു. ആ മഹാനടന്‍മാരുടെ സൂക്ഷ്മമായ ഭാവം പോലും ഒപ്പിയെടുക്കാന്‍ പോന്നതായിരുന്നു ലോഹിയുടെ കഥാപാത്രങ്ങള്‍. മറ്റുള്ളവര്‍ക്ക് വേണ്ടി കഥയൊരുക്കുമ്പോഴും സ്വന്തമായി സംവിധാനം ചെയ്യുമ്പോഴും ലോഹിയുടെ ചിത്രങ്ങള്‍ ഒരേ പോലെ നിലവാരം പുലര്‍ത്തുന്നതായിരുന്നു. ഭൂതക്കണ്ണാടിയും കസ്തൂരിമാനുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം.

സംവിധായകന്‍റെ കുപ്പായത്തെക്കാള്‍ ലോഹിക്ക് കൂടുതല്‍ ഇണങ്ങുന്നത് തിരക്കഥാകൃത്തിന്റെ വേഷമാണെന്ന് ചിലര്‍ പറയാറുണ്ട്. കാരണം ലോഹി തിരക്കഥ നിര്‍വ്വഹിച്ച സിനിമകള്‍ അത്ര ഹൃദയസ്പര്‍ശികളായിരുന്നു. ലോഹിതദാസിന്റെ അകാലനിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാകാതെ പോയി. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് വഴിവയ്ക്കുമായിരുന്ന ഭീഷ്മര്‍ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ എപ്പോഴും ലോഹിയുടെ സിനിമകളും ഉണ്ടാകും. മലയാളിയും മലയാള സിനിമയും ഉള്ളിടത്തോളം കാലം ഒരിക്കലും ലോഹിക്ക് മരണമുണ്ടാകില്ല, കാരണം ദൈവം തൊട്ട കലാകാരന്മാരെ കാലം എങ്ങിനെ മറക്കാനാണ്.

Tags:    

Contributor - Web Desk

contributor

Similar News