യു.പിയിൽ ഹോളി ആഘോഷത്തിനിടെ അയൽവാസികൾ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, എട്ടു പേർക്ക് പരിക്ക്
ആളുകൾ നൃത്തം ചെയ്യുന്നത് വീഡിയോയിൽ പകർത്തുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഹോളി ആഘോഷത്തിനിടെ അയൽക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. നന്ദ് കിഷോർ എന്നയാളാണ് കൊല്ലപ്പെട്ടത്. മായ് ഗ്രാമത്തിൽ തിങ്കളാഴ്ച നടന്ന ഹോളി ആഘോഷങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ധരംരാജ് പട്ടേലിന്റെയും നന്ദ് ലാലിന്റെയും കുടുംബങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
ആളുകൾ നൃത്തം ചെയ്യുന്നത് നന്ദ്ലാലിന്റെ മകൻ വീഡിയോയിൽ പകർത്തുന്നത് ധരംരാജ് പട്ടേൽ തടഞ്ഞതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് ഭൂരിഭാഗം പേരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് പ്രദേശവാസികൾ ഇടപെടുകയു ചെയ്തു. ഇരുവീട്ടുകാരും തർക്കം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും ധരംരാജ് പട്ടേലും കുടുംബവും നന്ദ് ലാലിന്റെ വസതിയിലേക്ക് എത്തുകയും വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നന്ദ് ലാലിന്റെ ബന്ധുവായ നന്ദ് കിഷോർ മരിക്കുകയായിരുന്നു. നന്ദ് കിഷോറിന്റെ ഭാര്യ സുശീലാ ദേവിയും സഹോദരൻ നന്ദ് പട്ടേലും എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നന്ദ് ലാലിനെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റി, പരിക്കേറ്റ മറ്റുള്ളവർ ജൗൻപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
നന്ദ് ലാലിന്റെ മകൻ മുകേഷ് പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റാംപൂർ പൊലീസ് ആറു പേർക്കെതിരെ കേസെടുത്തു. ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു. അക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.