കത്തിക്കരിഞ്ഞും വെന്തുകൊല്ലിച്ചും വൈദ്യുതവാഹനങ്ങൾ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കർണാടക

2020 മുതലുള്ള തീപിടിത്തങ്ങളെക്കുറിച്ചുള്ള പട്ടികയിൽ ഏറ്റവും മുകളിലുള്ളത് പ്രമുഖ ബ്രാന്റ്

Update: 2024-12-20 06:30 GMT
Editor : ശരത് പി | By : Web Desk
Advertising

ബെംഗലൂരു: ഈയടുത്ത് മാധ്യങ്ങളിൽ നിറയുന്ന വാർത്തകളിലൊന്നാണ് വൈദ്യുതവാഹനങ്ങളുടെ തീപിടിത്തങ്ങൾ. ദിനംപ്രതി വൈദ്യുത വാഹനങ്ങൾ തീപിടിച്ച് നശിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ 2020 മുതൽ കർണാടകയിൽ 83 ഇലക്ട്രിക്ക് വാഹനങ്ങൾ തീപിടിച്ച് നശിച്ചതായി റിപ്പോർട്ട്. കർണാടക വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ സി.എൻ മഞ്ചേഗൗഡ നിയമസഭയിൽ വൈദ്യുതവാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.

അഗ്നിശമന സേന സംസ്ഥാനത്തുടനീളം നടത്തിയ ദൗത്യങ്ങളുടെ റിപ്പോർട്ട് പ്രകാരമാണ് മന്ത്രി കണക്കുകൾ നിരത്തിയത്. വൈദ്യുതി ചോർച്ച, ബാറ്ററി പൊട്ടിത്തെറിക്കൽ, തൊട്ട് നിരവധി കാരണങ്ങളാണ് വാഹനങ്ങൾ തീപിടിച്ച് നശിക്കുന്നതിന് കാരണമായത്. 2024ൽ 36, 2023ൽ 28, 2022ൽ ഒൻപത്, 2021ൽ മൂന്ന്, 2020ൽ ഏഴ് എന്നിങ്ങനെയാണ് നശിച്ച വാഹനങ്ങളുടെ കണക്ക്. 



 


83 തീപിടിത്തങ്ങളിൽ 65 എണ്ണവും ബാറ്ററി ചോർച്ചയെത്തുടർന്നുണ്ടായതാണ്, 13 എണ്ണം ബാറ്ററി പൊട്ടിത്തെറിച്ച സംഭവമാണ്, പിന്നീട് ബാക്കിയുള്ള അഞ്ചെണ്ണം അറിയാതെ പറ്റിപ്പോയ തീപിടിത്തമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏറ്റവുമധികം തീപിടിച്ച് നശിച്ച വൈദ്യുത വാഹനങ്ങൾ, ഇതിന് പിന്നാലെ കാറുകൾ, ഓട്ടോറിക്ഷകൾ, ബസ്സുകൾ എന്നിവയും കത്തി നശിച്ച വൈദ്യുത വാഹനങ്ങളിൽ പെടുന്നു. ബെംഗലൂരുവിലും ദേവനഗരെയിലും ദക്ഷിണ കന്നഡയിലും, ബെല്ലാരിയിലും, ചിക്കബല്ലപുരയിലും, കലബുർഗിയിലും വൈദ്യുതവാഹനങ്ങളുടെ ഷോറൂമുകൾ തീപിടിച്ച സംഭവമുണ്ടായിട്ടുണ്ട്.


83ൽ 44 തീപിടിത്തങ്ങളും നടന്നത് ബെംഗലൂരു നഗരത്തിനുള്ളിൽ വെച്ചാണ് നടന്നത്.

ഏറ്റവും കൂടുതൽ തീപിടിച്ച വാഹനബ്രാന്റുകളെക്കുറിച്ചും കർണാടക മന്ത്രി പറഞ്ഞു. ഒക്കിനാവ സ്‌കൂട്ടേഴ്‌സാണ് ഒമ്പത് തീപിടിത്തങ്ങളുമായി പട്ടികയുടെ മുകളിലുള്ളത്, ഇതിന് തൊട്ടുതാഴെ അഞ്ച് തീപിടിത്തങ്ങളുമായി ഓലയുമുണ്ട്. രണ്ട് തീപിടിത്തങ്ങളുമായി മറ്റൊരു പ്രമുഖ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബ്രാന്റായ ഏതറും പട്ടികയിൽ ഉൾപ്പെടുന്നു.

വേനൽക്കാലത്താണ് അധികം വാഹനങ്ങളും അഗ്നിക്കിരയായതെന്നും രേഖകൾ വ്യക്തമാക്കുന്നു.

വൈദ്യുതവാഹന കമ്പനികൾക്കെതിരെ ഉപഭോക്താക്കൾ വൻതോതിൽ പരാതിപ്പെടുന്നത് ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിൽ കൂടുതലും മൈലേജില്ലായ്മ, മോശം പ്രവർത്തനം എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും തീപിടിത്തത്തെക്കുറിച്ചും പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നവംബറിൽ രാജാജിനഗറിലെ വൈദ്യുത വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 26 വയസുള്ള ഒരു യുവതി വെന്തുമരിച്ചിരുന്നു. മൂന്ന് ആളുകൾക്ക് സംഭവത്തിൽ പരിക്ക് പറ്റുകയും 25ഓളം സ്‌കൂട്ടറുകൾ തീപിടിച്ച് നശിക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന് കാരണമായ് ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


ബെംഗലൂരുവിൽ കത്തിയെരിഞ്ഞ ഷോറൂമും മരിച്ച പെൺകുട്ടിയും

ഈയടുത്ത് ഷോറൂമിന് പുറത്ത് ഓലാ സ്‌കൂട്ടർ കത്തി നശിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ഓല സിഇഒ ഭവിഷ് അഗർവാളിനെ ടാഗ് ചെയ്തും ആളുകൾ പ്രചരിപ്പിച്ചിരുന്നു. അഗർവാളിനുള്ള ദീപാവലി സമ്മാനമാണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചരണം.

ഒരു മാസം മുമ്പ് ഹൈദരാബാദിൽ ഇലക്ട്രിക് കാറുകളുമായി സഞ്ചരിച്ച ലോറി തീപിടിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. എട്ടു കാറുകൾ തീപിടിച്ച് നശിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 



 


ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) പ്രകാരം മാത്രമേ ഇന്ത്യയിൽ വൈദ്യുതവാഹനങ്ങളുടെ ബാറ്ററികൾ വിപണിയിലിറക്കാവൂ. ഇതിനായി 15886, 18590, 186060 എന്നീ BIS മാനദണ്ഡങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. എന്നാൽ അധികം കമ്പനികളും ഈ നിയമത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നാണ് നിഗമനം. വൈദ്യുതവാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ ലിഥിയം അയോണുകളും തീപിടിക്കാൻ സാധ്യത കൂടുതലുള്ള വസ്തുക്കളുമടങ്ങിയതാണ്. ചെറിയൊരു ദ്വാരം വീണാൽ ഇവ പുറത്തുവരാനും തീപിടിക്കാനുമുള്ള സാധ്യത കൂടുതലാണ്. മികച്ച കവചമില്ലാതെ ബാറ്ററികൾ പുറത്തിറക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ആരോപണങ്ങളുമുയരുന്നുണ്ട്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News