അംബേദ്കർ വിരുദ്ധ പരാമശം; വിജയ് ചൗക്കില്‍ രോഷാഗ്നിയായി പ്രതിപക്ഷ പ്രതിഷേധം
അമിത് ഷാ മാപ്പ് പറഞ്ഞു രാജി വയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇൻഡ്യാ സഖ്യ നേതാക്കൾ വ്യക്തമാക്കി
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധാഗ്നിയായി പ്രതിപക്ഷം. ഇൻഡ്യാസഖ്യ എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചു. അമിത് ഷാ മാപ്പ് പറഞ്ഞു രാജി വയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇൻഡ്യാ സഖ്യ നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരാണ് ഇന്‍ഡ്യാ സഖ്യത്തിന്‍റെ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്. 'ഞാൻ അംബേദ്കർ, അമിത് ഷാ മാപ്പ് പറയണം, രാഹുലിനെതിരായത് കള്ളക്കേസ്' തുടങ്ങിയ പ്ലക്കാര്‍ഡുകളും പോസ്റ്റുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.
പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധത്തിന് വിലക്ക് ഏർപ്പെടുത്തിയ തുടർന്നാണ് വിജയ് ചൗക്കിൽ പ്രതിഷേധച്ചത്. വിജയ് ചൗക്കിൽ നിന്ന് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പാർലമെന്‍റിലേക്ക് നീങ്ങി.
അതേസമയം രാഹുലിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് കോൺഗ്രസ് ആരോപണം. കേസെടുത്തു ജയിലിൽ അടയ്ക്കാനാണ് ഭാവമെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. അതിനിടെ കോൺഗ്രസ് നേതാക്കൾ അംബേദ്കറെ അപമാനിച്ചു എന്ന് കാട്ടി എൻഡിഎ നേതാക്കൾ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു.