5 ജി ആപ്പുകൾ നിർമിക്കാൻ 100 ലാബുകൾ; നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി നാഷണൽ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും
ന്യൂഡൽഹി: 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ തുറക്കുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. എൻജിനീയറിങ് സ്ഥാപനങ്ങളിലായിരിക്കും ലാബുകൾ അനുവദിക്കുന്നത്. നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ അനുവദിക്കും. പുതിയ സാങ്കേതിക വിദ്യയിൽ ഊന്നിയ തൊഴിൽ അവസരങ്ങൾ, സാധ്യതകൾ, ബിസിനസ്സ് മോഡലുകൾ എന്നിവ സാക്ഷാത്കരിക്കുന്നതിനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 157 മെഡിക്കൽ കോളേജുകൾ 2014 മുതൽ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സംരഭങ്ങൾക്ക് കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്യും.ഗോത്ര വിഭാഗങ്ങൾക്ക് 15000 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം വർധിപ്പിക്കും.ഏകലവ്യ സ്കൂളുകളിലേക്ക് 38000 പുതിയ അധ്യാപകരെ നിയമിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി നാഷണൽ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും ലേഖനങ്ങൾ ലഭിക്കും.
ഇ -കോടതികൾക്ക് 7000 കോടി വകയിരുത്തി. പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷനായി 2516 കോടി മാറ്റിവച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ 3 മികവിൻ്റെ കേന്ദ്രങ്ങൾ നിർമിക്കും. സാമ്പത്തിക സാക്ഷരതയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.