ജയ്പൂർ ഹൈവേ തീപിടിത്തം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ രാജിയാവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ്
ഡിസംബർ 20നാണ് ജയ്പൂർ-അജ്മീർ ഹൈവേയിൽ ടാങ്കർ ലോറിയും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തമുണ്ടായത്. അപകടത്തിൽ 13 പേർ മരിച്ചിരുന്നു
ജയ്പൂർ: 13 പേരുടെ മരണത്തിനിടയാക്കിയ രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേ തീപിടിത്തത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജി വെക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ്.
അപകടത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ഖച്ചാരിയവാസ് ഉന്നയിച്ചത്. ടോൾ കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടു നിൽക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഖച്ചാരിയവാസ് ആരോപിച്ചു.
'വലിയ അനാസ്ഥയാണ് അപകടം സൂചിപ്പിക്കുന്നത്. വൻതോതിൽ ടോൾ വരുമാനം നേടിയിട്ടും ഹൈവേയിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ടോൾ കമ്പനികൾ ഇതുവരെയും ക്രമീകരിച്ചിട്ടില്ല. ടോൾ കമ്പനികളുടെ കൊള്ളയ്ക്ക് ഗതാഗത മന്ത്രാലയം കൂട്ടു നിൽക്കുകയാണ്'- പ്രതാപ് സിങ് ഖച്ചാരിയവാസ് ആരോപിച്ചു.
'രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായി ഗതാഗത മന്ത്രാലയം മാറി. ഇരകൾക്ക് ഒരു കോടി രൂപയും സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിൽ സംസ്ഥാന സർക്കാറിനെയും പ്രതാപ് സിങ് വിമർശിച്ചു. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആറു മാസത്തിനകം ജയ്പൂർ-ഡൽഹി ഹൈവേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് ഗതാഗതി മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതാപ് സിങ് കൂട്ടിച്ചേർത്തു.
ടോൾ കമ്പനികൾക്കെതിരെ വലിയ പിഴ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്നും ഹൈവേയിൽ അടിയന്തര സുരക്ഷ ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 20നാണ് ജയ്പൂർ-അജ്മീർ ഹൈവേയിൽ ടാങ്കർ ലോറിയും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പേർ മരിച്ചു.