വീണ്ടും പശുക്കടത്ത് ആരോപിച്ച് ആക്രമണം; ഹരിയാനയിൽ മുസ്‌ലിം യുവാവിന് ക്രൂരമർദനം

യുവാവിനെക്കൊണ്ട് 'പശു അമ്മയാണ്, കാള അച്ഛനാണ്' എന്ന് പറയിപ്പിച്ച് അക്രമിസംഘം

Update: 2024-12-22 14:17 GMT
Editor : ശരത് പി | By : Web Desk
Advertising

ഹരിയാന: കാളകളെ ലോറിയിൽ കൊണ്ടുപോയ മുസ്‌ലിം ഡ്രൈവർക്ക് ആൾക്കൂട്ടമർദനം. ഹരിയാനയിലെ നൂഹിൽ ഡിസംബർ 18നായിരുന്നു സംഭവം. ലോറി ഡ്രൈവറായ അർമാൻ ഖാനെ തടഞ്ഞു നിർത്തിയ സംഘം ഇയാളെ മർദിക്കുകയും ചോദ്യം ചെയ്യുകയും മുടിയിൽ പിടിച്ച് വലിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ അർമാൻ ഖാനെ മർദിക്കുന്ന ദൃശ്യങ്ങൾ സംഘം പ്രചരിപ്പിച്ചിട്ടുമുണ്ട്. മർദനത്തിന് പിന്നാലെ 'പശു നമ്മളുടെ അമ്മയാണെന്നും, കാള നമ്മളുടെ അച്ഛനാണെന്നും' അർമാൻ ഖാനെക്കൊണ്ട് സംഘം പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പശുക്കടത്ത് ആരോപിച്ച് 2014 മുതൽ രാജ്യത്ത് നടന്ന നിരവധി അക്രമങ്ങളിൽ അവസാനം നടന്ന സംഭവമാണ് അർമാൻ ഖാന്റെ മർദനം. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനകളാണ് അക്രമങ്ങൾക്ക് പിന്നിൽ. സംഭവത്തിന് മിക്കവാറും ഇരയാകുന്നത് മുസ്‌ലിം സമുദായത്തിലുള്ളവരുമാണ്. മർദനത്തിന് പുറമെ ഇവർ ആൾക്കൂട്ട ആക്രമണത്തിനും മറ്റ് പല പീഡനങ്ങൾക്കും ഇരയാവാറുണ്ട്. 2023ൽ പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ നാസിർ (25) ജുനൈദ് (35) എന്നീ യുവാക്കളെ ഭജ്‌രംഗ്ദൾ പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയും ചുട്ടുകൊല്ലുകയും ചെയ്തിരുന്നു.

രാജ്യത്തെ വർഗീയ, വംശീയ കുറ്റകൃത്യങ്ങളെക്കുറിച്ച് പഠിക്കുന്ന സംഘടനയായ സെന്റർ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് (CSOH) നവംബറിൽ നടത്തിയ പഠനപ്രകാരം പശുക്കടത്ത് ആരോപിച്ചുള്ള കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പല ആക്രമണങ്ങളും രാജ്യത്തെ പശു സംരക്ഷണ നിയമങ്ങളുടെ മറവിലാണ് അരങ്ങേറിയിട്ടുള്ളത്.

പഠനപ്രകാരം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് 95 ശതമാനവും ഇത്തരം അക്രമങ്ങൾ നടക്കുന്നത്. ഇത്തരം അക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനായി നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളും പല സംഘങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം പശുക്കടത്തുമായുള്ള ആക്രമണങ്ങൾ നടന്നിട്ടുള്ളത് ഹരിയാനയിലാണ്. ഇത്തരം 320 ആക്രമങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വീഡിയോ കാണാം -

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News