'യുവതി മരിച്ചത് അറിഞ്ഞിട്ടും തിയേറ്റർ വിട്ടില്ല, മടങ്ങിപ്പോകണമെന്ന നിർദേശം അവഗണിച്ചു'; അല്ലു അർജുനെതിരെ പൊലീസ്
യുവതി മരിച്ചുവെന്നും, തിരക്ക് കുറക്കാൻ ഉടൻ തിയേറ്റർ വിടണമെന്നും നടന്റെ മാനേജരെ അറിയിച്ചിരുന്നു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി ഹൈദരാബാദ് പൊലീസ്. തിരക്ക് നിയന്ത്രണാതീതമാണെന്നും ഒരാൾ മരിച്ചെന്നും അറിയിച്ചിട്ടും തിയേറ്റർ വിടാൻ അല്ലു അർജുൻ തയ്യാറായില്ലെന്നാണ് ആരോപണം. അർധരാത്രി വരെ അല്ലു അർജുൻ തിയേറ്ററിൽ തന്നെ തുടർന്നു. വീഡിയോ തെളിവുകൾ ഉൾപ്പടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസിന്റെ ആരോപണം.
ഈ മാസം നാലാം തിയ്യതിയാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചത്. പിന്നാലെ തന്നെ പൊലീസ് അല്ലു അർജുനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദ് വ്യക്തമാക്കി. എന്നാൽ നടനെ നേരിട്ട് ബന്ധപ്പെടാൻ പൊലീസിനെ അനുവദിച്ചില്ല. യുവതി മരിച്ചുവെന്നും, കൂടുതൽ തിരക്ക് ഇല്ലാതിരിക്കാൻ ഉടൻ തിയേറ്റർ വിടണമെന്നും നടന്റെ മാനേജരെ അറിയിച്ചിരുന്നു. എന്നാൽ നിർദേശം അവഗണിച്ചുകൊണ്ട് അർധരാത്രി വരെ അല്ലു തിയേറ്ററിൽ സിനിമ കാണുന്നത് തുടർന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"സാഹചര്യത്തിന്റെ തീവ്രത അദ്ദേഹത്തെ അറിയിക്കാൻ ഞങ്ങൾ അവരോട് പറഞ്ഞു. പക്ഷെ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല," കമ്മീഷണർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ദൃശ്യങ്ങളുമാണ് ഇതിന് തെളിവായി പൊലീസ് പുറത്ത് വിട്ടത്. അപകടത്തിന്റെ കാര്യം പോലീസ് തന്നെ അറിയിച്ചിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ ആരോപിച്ചിരുന്നു. തിയേറ്റർ വിടണമെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നും അല്ലു മാധ്യമങ്ങളോട് പറഞ്ഞു.
രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു. കേസിൽ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടിയ അല്ലു അടുത്ത ദിവസം രാവിലെ ജയിൽ മോചിതനായി.