ദുഷ്കരമായ 120 മണിക്കൂര്‍; തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക

40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്

Update: 2023-11-17 05:19 GMT
Editor : Jaisy Thomas | By : Web Desk

തുരങ്കത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യം

Advertising

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിര്‍മാണത്തിലായിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു. 40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ട്. നവംബര്‍ 12നാണ് നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്‍റെ ഒരു ഭാഗം തകർന്നത്. 2018-ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ വിജയകരമായി പുറത്തെത്തിച്ചതുപോലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ തായ്‌ലൻഡിലെയും നോർവേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. തകര്‍ന്ന തുരങ്കത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ 24 മീറ്ററോളം തുരന്ന് തൊഴിലാളികൾക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി നാല് പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ സമഗ്രമായ പുനരിവാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ഡോക്ടര്‍മാര്‍ ഊന്നിപ്പറയുന്നുണ്ട്. "ഇത് വളരെ ആഘാതകരമായ ഒരു സംഭവമാണ്. അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ഭയാനകമായിരിക്കും. അവരുടെ ഭാവിയെക്കുറിച്ചും അവരുടെ നിലനിൽപ്പിനെക്കുറിച്ചുമുള്ള അനിശ്ചിതത്വം നിറഞ്ഞതായിരിക്കും.ഭയവും നിസ്സഹായതയും അവരെ ബാധിച്ചിട്ടുണ്ടാകാം. കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസപ്പെട്ടേക്കാം'' ഡൽഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്‍റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അർച്ചന ശർമ പിടിഐയോട് പറഞ്ഞു. പുറംലോകം കാണാതെ ഒരേ സ്ഥലത്ത് ദിവസങ്ങളായി തുടരുന്നതിനാല്‍ തൊഴിലാളികള്‍ പരിഭ്രാന്തരാകാന്‍ സാധ്യതയുണ്ടെന്ന നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.അജയ് അഗർവാൾ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News