'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്ത്യ- ഇസ്രായേൽ ബിസിനസ് ഉച്ചകോടി റദ്ദാക്കണം': 1300 ഓളം വിദ്യാർഥികളും ഫാക്കൽറ്റികളും രംഗത്ത്

പരിപാടിക്ക് അനുമതി നൽകുന്നത് ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കും ആക്രമണത്തിനും നേരിട്ട് പിന്തുണ നൽകുന്നതിന് തുല്യമാണെന്ന് വിദ്യാര്‍ഥികള്‍

Update: 2024-09-22 14:39 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്) സംഘടിപ്പിക്കുന്ന ഇന്ത്യ- ഇസ്രായേൽ ബിസിനസ് ഉച്ചകോടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ സർവ്വകലാശാലകളിലെ 1300 ഓളം വിദ്യാർഥികളും ഫാക്കൽറ്റികളും രംഗത്ത്. സെപ്തംബർ 23 ന് നടക്കേണ്ട പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിലെ വിദ്യാർഥികളും ഫാക്കൽറ്റികളും ഐഐഎസ് ന് കത്തയച്ചു.

പരിപാടിക്ക് അനുമതി നൽകുന്നത് ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യക്കും ആക്രമണത്തിനും നേരിട്ട് പിന്തുണ നൽകുന്നതിന് തുല്യമാണെന്ന് ഇവർ ആരോപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ഗോവിന്ദൻ രംഗരാജന് അയച്ച കത്തിൽ, ഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യായുദ്ധം സൃഷ്ടിച്ച നാശത്തിന്റെ വ്യാപ്തിയും ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഗസ്സയിലെ എല്ലാ സർവകലാശാലകളും ഇസ്രായേൽ തകർത്തു. പോളിയോ പോലുള്ള രോഗങ്ങൾ തിരികെയെത്തും വിധത്തിൽ ആരോഗ്യ സേവനങ്ങളും തകർത്തു. ലോക ഭക്ഷ്യ ഏജൻസിയുടെ കണക്ക് പ്രകാരം 96 ശതമാനം ഗസ്സക്കാരും ഭക്ഷണമില്ലാതെ പട്ടിണിയിലാണ്. വെസ്റ്റ്ബാങ്കിലും ഇസ്രായേൽ ക്രൂരമായ റെയ്ഡുകൾ നടത്തി. ഇക്കഴിഞ്ഞ ആഴ്ച ലെബനനിൽ ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിച്ച് സ്‌ഫോടനങ്ങളുണ്ടാക്കി തീവ്രവാദ ആക്രമണങ്ങളിലേർപ്പെട്ടു. അവയിൽ പലതും സിവിലിയൻ മേഖലയിലാണ് സംഭവിച്ചത്.'  എന്നും കത്തിൽ പറയുന്നുണ്ട്.

തിങ്ക് ഇന്ത്യ എന്ന സംഘടനയും ഇന്ത്യൻ ചേംബർ ഓഫ് ഇന്റർനാഷണൽ ബിസിനസും മൈസൂർ ലാൻസേഴ്‌സ്‌ഹെറിറ്റേജ് ഫൗണ്ടേഷനും ചേർന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സൈബർ സുരക്ഷ, സ്റ്റാർട്ടപ്, വെൻച്വർ ക്യാപിറ്റൽ, സുസ്ഥിര സാങ്കേതിക വിദ്യ, ജല സാങ്കേതി വിദ്യ എന്നിവയിലെല്ലാം ചർച്ചകളുണ്ടാകുമെന്നാണ് തിങ്ക് ഇന്ത്യ അവകാശപ്പെട്ടു. അതേസമയം സൈബർ സുരക്ഷ, പ്രതിരോധം എന്നിവയിലെ ചർച്ചകൾ ആസൂത്രിതമാണെന്ന ആശങ്ക കത്തിൽ വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പരിപാടിയുടെ ഭാഗമാവുന്നതിലും ആതിഥേയത്വം വഹിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News