തലമുറകളിലേക്ക് പടർന്ന് ഭോപ്പാലിലെ വിഷം; വിട്ടുമാറാതെ നരകയാതന
ദുരന്തബാധിതരുടെ സന്തതിപരമ്പരകളിലും വിഷാംശമെന്ന് ഫോറൻസിക് ഡോക്ടർ
ഭോപ്പാൽ: മുപ്പതിനായിത്തിനടുത്ത് ജീവനെടുത്ത മഹാവിപത്തായിരുന്നു 1984ലെ ഭോപ്പാൽ ദുരന്തം. ഡിസംബർ രണ്ടിന് ദുരന്തത്തിന്റെ നാൽപതാം ആണ്ടാണ്. നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ദുരന്തത്തിന്റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുരന്തത്തെക്കുറിച്ച് പഠനം നടത്തിയ മുൻ ഗവൺമെന്റ് ഫോറൻസിക് ഡോക്ടർ.
ഭോപ്പാൽ ഗാന്ധി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിന്റെ മുൻ തലവനായ ഡോക്ടർ ഡി.കെ സത്യപതിയാണ് നാല്പതാം ആണ്ടുമായി ബന്ധപ്പെട്ട് ദുരന്തബാധിതരെ ഒന്നിപ്പിച്ച് നടത്തിയ ചടങ്ങിൽ തൻ്റെ നിരീക്ഷണങ്ങളും ആശങ്കകളും പങ്കുവെച്ചത്.
ദുരന്തം നടന്ന ദിനത്തിൽ 857 പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ഡോ. സത്യപതി. തുടർന്നുള്ള വർഷങ്ങളിൽ അദേഹം ദുരന്തം രോഗികളാക്കുകയും തുടർന്ന് മരിക്കുകയും ചെയ്ത 18,000 പേരുടെ പോസ്റ്റുമോർട്ടങ്ങൾ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിന് കാരണക്കാരായ യൂനിയൻ കാർബൈഡ് കമ്പനി വിഷവാതകം ഗർഭസ്ഥ ശിശുക്കളിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഡോക്ടർ, വാതകത്തിലെ രാസപദാർഥങ്ങൾ ഒരിക്കലും ഗർഭപാത്രത്തിൽ എത്തില്ലെന്ന് അവകാശപ്പെട്ടതും വെളിപ്പെടുത്തി. എന്നാൽ ദുരന്തത്തിൽ മരിച്ച ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും പരിശോധിച്ചതിൽ നിന്ന് ശിശുക്കളിൽ 50 ശതമാനത്തോളം രാസവസ്തുക്കൾ എത്തിച്ചേർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ദുരന്തത്തിൽ രക്ഷപ്പെട്ട സ്ത്രീകൾക്കുണ്ടായ കുട്ടികളിലും ഈ രാസവസ്തുക്കൾ എത്തിയിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് ദുരന്തത്തെക്കുറിച്ചുള്ള ഗവേഷണം സർക്കാർ നിർത്തിവെച്ചതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിന്റെ ദൂഷ്യഫലങ്ങൾ തലമുറകളോളം വ്യാപിച്ചേക്കാമെന്ന ആശങ്കയും ഡോ. സത്യപതി പ്രകടിപ്പിച്ചു.
ദുരന്തത്തിന് ശേഷം ജനിച്ച പല കുട്ടികളികളിലും ശാരീരിക മാനസിക വൈകല്യങ്ങൾ വൻതോതിൽ കണ്ടെത്തിയിരുന്നു. വൈകല്യങ്ങളില്ലാത്ത കുഞ്ഞുങ്ങളിൽ വരെ രാസവസ്തുക്കളുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
യൂനിയൻ കാർബൈഡ് പ്ലാന്റിൽ നിന്നും ചോർന്ന വിഷവാതങ്ങൾ പ്രദേശത്തെ ജലത്തിലും മണ്ണിലും കലർന്നതായും പഠനങ്ങൾ കണ്ടെത്തിയിരുന്നു. പ്രദേശത്തെ പലർക്കും ഇന്നും വലിയ തോതിൽ ലിവർ അസുഖങ്ങളും കാൻസറും രക്തസമ്മർദ അസുഖങ്ങളും കണ്ടെത്തിയിരുന്നു.
അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് അപകടമുണ്ടായത്. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിൻറെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു.