രാജ്യത്ത് 1,500 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കും
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
രാജ്യത്ത് പുതുതായി 1,500 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. 1,500 ഓക്‌സിജൻ പ്ലാന്റുകൾ നിർമിച്ച് നാലുലക്ഷം ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതിനുള്ള പണം പിഎം കെയേഴ്‌സ് ഫണ്ട് വഴി നൽകും. രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനതോത് കുറയാത്തതും യോഗത്തിൽ ചർച്ചയായി. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ എട്ടുശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43, 393 കോവിഡ് കേസുകളും 911 മരണവും റിപ്പോർട്ട് ചെയ്തു. 4,58,727 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിൽ തുടരുന്നത്. അതിനിടെ മൂന്നാമത്തെ ഡോസ് വാക്‌സിന് ഫൈസറും ബയോ എൻ ടെക്കും അനുമതി തേടി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു. ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളെ ചെറുക്കാൻ മൂന്നാമത്തെ ഡോസ് വാക്‌സിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫൈസറിനും ബയോ എൻ ടെക്കിനും അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി നൽകിയിട്ടില്ല.