151 എം.പി- എം.എൽ.എമാർ സ്ത്രീകൾക്കെതിരായ അതിക്രമക്കേസ് പ്രതികൾ; മുന്നിൽ ബി.ജെ.പി
ബി.ജെ.പിയുടെയും കോൺഗ്രസിന്റേയും അഞ്ച് സിറ്റിങ് ജനപ്രതിനിധികൾക്കെതിരെ ബലാത്സംഗക്കേസുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ എം.പിമാരും എം.എൽ.എമാരുമടക്കം 151 പേർ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷനിൽ സമർപ്പിച്ച സിറ്റിങ് എം.പിമാരുടെയും എം.എൽ.എമാരുടെയും 4,693 സത്യവാങ്മൂലങ്ങൾ പരിശോധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തയാറാക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ. 135 എം.എൽ.എമാർക്കും 16 എം.പിമാർക്കുമെതിരെയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേസുള്ളത്.
ഇതിൽ 16 ജനപ്രതിനിധികൾക്കെതിരെ ബലാത്സംഗക്കേസ് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ പ്രതികളായ ജനപ്രതിനിധികളുടെ എണ്ണത്തിൽ പശ്ചിമബംഗാൾ ആണ് മുന്നിൽ. എം.പിമാരും എം.എൽ.എമാരുമടക്കം 25 പേർക്കെതിരെയാണ് ഇവിടെ കേസുള്ളത്.
21 പേരുള്ള ആന്ധ്രാപ്രദേശാണ് രണ്ടാമത്. ഒഡിഷ (17)യാണ് മൂന്നാമത്. കൊൽക്കത്തയിലെ ആർ.ജി കാർ മെഡി.കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
14 എം.എൽ.എമാർക്കും എം.പിമാർക്കുമെതിരെയാണ് ഐ.പി.സി 376 (ബലാത്സംഗം) പ്രകാരം കേസുള്ളത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഒരേ ഇരയ്ക്കെതിരെ ആവർത്തിച്ചുള്ള കുറ്റങ്ങളും ഇതിലുൾപ്പെടുന്നു. എം.പിമാരും എം.എൽ.എമാരുമടക്കം 54 പേർക്കതിരെ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളുള്ള ബി.ജെ.പിയാണ് പട്ടികയിൽ മുന്നിൽ. 23 പേരുള്ള കോൺഗ്രസ് രണ്ടാമതും 17 പേരുള്ള ടി.ഡി.പി മൂന്നാമതുമാണെന്നും റിപ്പോർട്ട് പറയുന്നു.
ബി.ജെ.പിയുടെയും കോൺഗ്രസിന്റേയും അഞ്ച് സിറ്റിങ് ജനപ്രതിനിധികൾക്കെതിരെ ബലാത്സംഗക്കേസുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾക്ക്, പ്രത്യേകിച്ച് ബലാത്സംഗം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രതികളായവർക്ക് ടിക്കറ്റ് നൽകുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും എ.ഡി.ആർ ആവശ്യപ്പെട്ടു.
പുതുതായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ പകുതിയോളം അംഗങ്ങളും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. 543ൽ 251പേർ അഥവാ 46 ശതമാനം എം.പിമാർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. ഇതിൽ 27 അംഗങ്ങൾ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണെന്നും അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2019ൽ 233 അതായത് 43 ശതമാനം എം.പിമാർ ആയിരുന്നു ക്രിമിനൽ കേസുകളിൽ പ്രതികളായവർ. 2014ൽ ഇത് 185ഉം 2009ൽ 162ഉം 2004ൽ 125 എം.പിമാരും ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു. 2009നെ അപേക്ഷിച്ച് ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട എം.പിമാരുടെ എണ്ണം 2024 ആയപ്പോഴേക്കും 55 ശതമാനമായി വർധിച്ചതായും എ.ഡി.ആർ അറിയിച്ചു.
ഇത്തവണത്തെ എം.പിമാരിൽ 169 പേർ അതായത് 31 ശതമാനവും ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ പ്രതിയാണ്. ഇതാകട്ടെ 2019ൽ 159ഉം 2014ൽ 112ഉം 2009ൽ 76ഉം ആയിരുന്നു.
നാല് എം.പിമാർ വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ നിയമനടപടി നേരിടുന്നവരുമാണ്. ബി.ജെ.പിയിലാണ് ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട എം.പിമാർ കൂടുതലുള്ളത്- 94 പേർ. കോൺഗ്രസിലെ 41, സമാജ് വാദി പാർട്ടിയിലെ 21, തൃണമൂൽ കോൺഗ്രസിലെ 13, ഡി.എം.കെയിലെ 13, ടി.ഡി.പിയിലെ എട്ട്, ശിവസേനയിലെ അഞ്ച് എം.പിമാർക്കുമെതിരെയാണ് ക്രിമിനൽ കേസുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ 191 ബി.ജെ.പി സ്ഥാനാർഥികളും 143 കോൺഗ്രസ് സ്ഥാനാർഥികളും ക്രിമിനൽ കേസ് പ്രതികളാണെന്ന റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. 440 ബിജെപി സ്ഥാനാർഥികളിലായിരുന്നു ഇത്രയും പേർക്കെതിരെ ക്രിമിനൽ കേസ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തന്നെയാണ് ഈ റിപ്പോർട്ടും പുറത്തുവിട്ടത്.