മുറിയിൽ മലമൂത്ര വിസർജനം നടത്തി; ചിൽഡ്രൻസ് ഹോമിൽ 16കാരനെ തല്ലിക്കൊന്നു

സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി.

Update: 2022-08-19 10:29 GMT
Advertising

മുംബൈ: ചിൽഡ്രൻസ് ഹോമിലെ മുറിയിൽ മലമൂത്ര വിസർജനം നടത്തിയ 16 വയസുകാരനെ തല്ലിക്കൊന്നു. മുംബൈ മാട്ടുംഗയിലെ ഡേവിഡ് സസൂൺ ചിൽഡ്രൻസ് ഹോമിലാണ് കൊടുംക്രൂരത. അന്തേവാസികളായ നാല് കുട്ടികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഹാസ്‍വാൻ നിഷാദ് എന്ന കുട്ടിയാണ് ക്രൂരമായ മർദനത്തിനിരായി മരിച്ചത്.

സംഭവത്തിൽ ശിവാജി പാർക്ക് പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ ഒരാൾക്ക് 12 വയസാണ് പ്രായം. 15നും 17നും ഇടയിലാണ് മറ്റുള്ളവരുടെ പ്രായം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തെരുവിൽ അലഞ്ഞു തിരിഞ്ഞ നിഷാദിനെ ഈ മാസം ആറിനാണ് ഡിബി മാർഗ് പൊലീസ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. കുട്ടി മാനസിക വിഭ്രാന്തി കാണിക്കുകയും സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കുട്ടി റൂമിനകത്ത് മലമൂത്ര വിസർജനം നടത്തി. ഇതിൽ പ്രകോപിതരായ മറ്റ് കുട്ടികൾ ‌നിഷാദിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ആക്രമിച്ച കുട്ടികളും ചിൽഡ്രൻസ് ഹോമിൽ പുതുതായി എത്തിയവരാണ്. കോവിഡ് ബാധയ്ക്ക് ശേഷം ചിൽഡ്രൻസ് ഹോമിൽ പുതുതായി എത്തുന്ന കുട്ടികളെ 15 ദിവസത്തേക്ക് നിരീക്ഷണ മുറിയിലാണ് പാർപ്പിച്ചിരുന്നത്. നിഷാദും കൊലയാളികളായ നാലു കുട്ടികളും ഈ മുറിയിലാണ് കഴിഞ്ഞിരുന്നത്. അബോധാവസ്ഥയിൽ കണ്ടെത്തിയ നിഷാദിനെ അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അപകട മരണം എന്ന നിലയിലാണ് ശിവാജി പാർക്ക് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കുട്ടി ക്രൂരമർദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. നാലു പേരും ചേർന്ന് നിഷാദിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.

അടിവയറ്റിലും നെഞ്ചിലും ചവിട്ടേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതാദ്യമായല്ല ഡേവിഡ് സസൂൺ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയായ കുട്ടി കൊല്ലപ്പെടുന്നത്. 2015 മെയിൽ 17കാരനായ അന്തേവാസി ഇവിടെ മർദനമേറ്റ് മരിച്ചിരുന്നു. മൂന്ന് മുതിർന്നവർ ഉൾപ്പെടെ 12 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 24 കുട്ടികളാണ് ഈ ചിൽഡ്രൻസ് ഹോമിലുള്ളത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News