15 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടും; വൈദ്യുതിമോഷണക്കേസിൽ സംഭൽ എംപിക്ക് മുന്നറിയിപ്പ്
സംഭൽ ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ബർഖിനെ ഒന്നാം പ്രതിയാക്കി കുറ്റം ചുമത്തിയിരുന്നു
ലഖ്‌നൗ: വൈദ്യുതമോഷണക്കേസിൽ സംഭൽ എംപി സിയ ഉർ റഹ്‌മാൻ ബർഖിന് കുരുക്ക് മുറുകുന്നു. 15 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് യുപി പവർ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മുന്നറിയിപ്പ്. ഡിസംബർ 19നാണ് സമാജ്‌വാദി പാർട്ടി എംപിക്കെതിരെ വീട്ടിലേക്ക് വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് വൈദ്യുതവകുപ്പ് 1.98 കോടി രൂപ പിഴ ചുമത്തിയത്. ഉടൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു.
'വൈദ്യുതി നിയമത്തിലെ സെക്ഷൻ 3 പ്രകാരം സംഭലിലെ എംപിയുടെ വസതിയിൽ നോട്ടീസ് പതിച്ചു. 1.91 കോടി രൂപ പിഴ അടയ്ക്കാൻ 15 ദിവസത്തെ സമയപരിധി നൽകി. ഇതിനുള്ളിൽ പിഴയടക്കാത്ത പക്ഷം കുടിശ്ശിക ഈടാക്കുന്നതിനായി അദ്ദേഹത്തിന്റെ സ്വത്ത് ജപ്തി ചെയ്യും.'- സംഭൽ യുപിപിസിഎൽ സബ് ഡിവിഷണൽ ഓഫീസർ സന്തോഷ് ത്രിപാഠി പറഞ്ഞു.
വൈദ്യുതവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം എംപിയുടെ വീട്ടിൽ രണ്ട് മീറ്ററുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച വൈദ്യുതവകുപ്പ് എംപിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോപണവിധേയനായ ബർഖ് ജില്ലാ വൈദ്യുതി കമ്മിറ്റിയുടെ ചെയർമാനാണ്.
സംഭൽ ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ബർഖിനെ ഒന്നാം പ്രതിയാക്കി കുറ്റം ചുമത്തിയിരുന്നു. തന്റെ രാഷ്ട്രീയ പ്രതിച്ഛായയിലൂടെയും പ്രസംഗങ്ങളിലൂടെയും ആളുകളെ ബർഖ് സംഘർഷത്തിലേക്ക് നയിച്ചു എന്നതാണ് കേസ്. എന്നാൽ തനിക്കെതിരായ ആരോപണം ബർഖ് നിഷേധിച്ചിരുന്നു. തനിക്കെതിരായ അറസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ട് ബർഖ് അലഹബാദ് കോടതിയെ സമീപിച്ചു. ബിജെപി തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുകയാണെന്നും കേസുകൾ കെട്ടിച്ചമച്ചതാണെന്നുമാണ് ബർഖ് പറയുന്നത്.