ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു; ദുരൂഹതയെന്ന് പൊലീസ്
അമ്മയെ പൊലീസ് ചോദ്യം ചെയ്തു
ഭോപ്പാൽ: ചായകുടിച്ചതിന് പിന്നാലെ 18 മാസം പ്രായമുള്ള കുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ആൺകുട്ടി ദുരൂഹമായ സാഹചര്യത്തിൽ മരിച്ചത്. ചായ നൽകിയതിന് ശേഷം മകൻ രാജക്ക് ശ്വാസം മുട്ടൻ അനുഭവപ്പെട്ടെന്നാണ് അമ്മ പറയുന്നത്. തുടർന്ന് മകനെ 22 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചെന്നാണ് അമ്മയുടെ വിശദീകരണം.
പിതാവ് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ കുട്ടി സിംറോളിലെ അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയെ മരിച്ച നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചതെന്നും അതിനാൽ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മൽപാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ മാതാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ചായ കൊടുത്തത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് അമ്മ തറപ്പിച്ചു പറയുന്നതെന്നാണ് സിംറോൾ പൊലീസ് സ്റ്റേഷൻ ഇൻചാർജ് മൻസറാം ബാഗേൽ പറഞ്ഞു.