ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ അടിച്ചുകൊന്ന് യുവാക്കൾ
പ്രതികളിൽ ഒരാളായ രഞ്ജിത്തുമായി കൊല്ലപ്പെട്ടയാൾ ഇടക്കിടെ റീൽസ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുമായിരുന്നു
ഡൽഹി: ജോലിസ്ഥലത്ത് വെച്ച് നിരന്തരം അപമാനിച്ചതിന് തുടർന്ന് സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാക്കൾ. 25 വയസുകാരനായ ഗോലുവാണ് കൊല്ലപ്പെട്ടത്. രാംപുര പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയാതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഭീഷം സിംഗ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ ഗോലു ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതികളിൽ ഒരാളായ രഞ്ജിത്തുമായി ഗോലു ഇടക്കിടെ റീൽസ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം ലഭിച്ചത്.
രാംപുര നിവാസികളായ രഞ്ജിത്, നീരജ് വർമ്മ (23) എന്നിവരാണ് പ്രതികൾ. ടെന്റ് ഹൗസിലും ഒരു ഫുട്‌വെയർ ഫാക്‌ടറിയിലും തങ്ങളുടെ സഹപ്രവർത്തകനായിരുന്നു ഗോലു എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പലപ്പോഴും ജോലിസ്ഥലത്ത് വെച്ച് ഗോലു മോശമായാണ് പെരുമാറാറുള്ളത്. വാക്കാലും ശാരീരികമായും നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.
ഒരുദിവസം ഗോലു ആക്രമിച്ചതോടെയാണ് വൈരാഗ്യം ഇരട്ടിയായത്. അപമാനത്തിന് പ്രതികാരം ചെയ്യാൻ രഞ്ജീതും നീരജും ഗോലുവിനെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മരക്കഷ്‌ണം കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു എന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു..