42,000 ലിറ്റർ എണ്ണയുമായി കണ്ടെയ്‌നർ മറിഞ്ഞു; ബക്കറ്റുമായി പാഞ്ഞെത്തി നാട്ടുകാർ, വീഡിയോ
ഹരിയാനയിലെ സിർസ ജില്ലയിലാണ് സംഭവം
ചണ്ഡീഗഢ്: ഹരിയാനയിലെ സിർസ ജില്ലയിൽ 42,000 ലിറ്റർ ഭക്ഷ്യ എണ്ണയുമായി വന്ന കണ്ടെയ്‌നർ റോഡിലേക്ക് മറിഞ്ഞു. ഭാരത് മാല റോഡിലായിരുന്നു അപകടം. അടുത്തുള്ള ഖേഡ ഗ്രാമത്തിലെ ആളുകൾ ഒട്ടും സമയം പാഴാക്കാതെ റോഡിലേക്ക് കുതിച്ചെത്തി. കയ്യിൽ കിട്ടിയ പാത്രങ്ങളും ബക്കറ്റുമെല്ലാം എടുത്തായിരുന്നു ആളുകൾ കൂട്ടത്തോടെ എത്തിയത്.
റോഡിന്റെ മധ്യഭാഗത്താണ് കണ്ടെയ്‌നർ മറിഞ്ഞത്. അതിനാൽ ഇരുവശത്തേക്കും എണ്ണ ഒഴുകാൻ തുടങ്ങിയിരുന്നു. ഏകദേശം ആയിരത്തിലേറെ ലിറ്റർ എണ്ണ കണ്ടെയ്‌നറിൽ നിന്ന് ചോർന്നതായാണ് വിവരം. നെയ്യാണെന്ന് കരുതിയാണ് ആളുകൾ ബക്കറ്റിൽ എണ്ണ ശേഖരിക്കാൻ തുടങ്ങിയത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ട്രക്ക് ഉടമകൾ ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്‌നർ റോഡിൽ നിന്ന് മാറ്റി. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപെട്ടു. കണ്ടെയ്‌നറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഉടമകൾ അറിയിച്ചു.