ഭോപ്പാൽ ദുരന്തം അതിജീവിച്ചവരുടെ മെഡിക്കൽ രേഖകൾ ഉടൻ ഡിജിറ്റലൈസ് ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നുവെന്നും കോടതി

Update: 2025-01-09 09:43 GMT
Advertising

ഭോപ്പാൽ: ലോകത്തെ ഞെട്ടിച്ച ഭോപാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മെഡിക്കൽ രേഖകളുടെ ഡിജിറ്റലൈസേഷൻഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിനോടും മധ്യപ്രദേശ് സർക്കാരിനോടും ഹൈക്കോടതി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്നിവരോടാണ് മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.കെ കൈറ്റ്, ജസ്റ്റിസ് വിവേക് ജയ്ൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.ഡിജിറ്റൽ പ്രവർത്തനങ്ങൾ സമയബന്ധതമായി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാനും, ദുരിത ബാധിതർക്കു വേണ്ടിയുള്ള ആരോ​ഗ്യപദ്ധതി ഉടൻ തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞയാഴ്ച ഭോപ്പാൽ ദുരന്തത്തിലെ വിഷമാലിന്യങ്ങൾ നീക്കിതുടങ്ങി. 40 വർഷമായി കെട്ടികിടക്കുന്ന വിഷമാലിന്യമാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കുന്നത്. 337 ടൺ മാലിന്യമാണ് നീക്കം ചെയ്യേണ്ടത്.

337 മെട്രിക് ടൺ വിഷമാലിന്യങ്ങളാണ് 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിലാക്കി നീക്കുന്നത്. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള പിത്തംപൂരിലെ ഒരു വ്യവസായ മേഖലയിലേക്കാണ് മാലിന്യങ്ങൾ മാറ്റുന്നത്. സുപ്രിംകോടതിയിൽ നിന്ന് പോലും നിർദേശങ്ങൾ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയൻ കാർബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

മാലിന്യങ്ങൾ മാറ്റാൻ നാലാഴ്‌ചത്തെ സമയപരിധി നല്‍കുകയും ചെയ്‌തിരുന്നു. ജനുവരി മൂന്നിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിര്‍ദേശമുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷമാലിന്യങ്ങൾ നീക്കിതുടങ്ങുന്നത്.

മാലിന്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താൻ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകൾക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്‌റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.

1984 ഡി​സം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​ത്രി​യി​ലാ​ണു ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് കീ​ട​നാ​ശി​നി ഫാ​ക്‌​ട​റി​യി​ല്‍ നി​ന്ന് ഉ​യ​ര്‍ന്ന വി​ഷാം​ശ​മു​ള്ള മീ​ഥൈ​ല്‍ ഐ​സോ​സ​യ​നേ​റ്റ് (എം​ഐ​സി) വാ​ത​കം ചോ​ര്‍ന്ന​ത്. ദു​ര​ന്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 5,479 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളുണ്ടാകുകയും ചെയ്തിരുന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​വ​സാ​യി​ക ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News