നാട്ടിലേക്കുള്ള മടക്കം 'ആഘോഷമാക്കി': ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കൾ അറസ്റ്റിൽ
സീറ്റിലിരിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെയും കൂടുതൽ ഉച്ചത്തിൽ ബഹളമുണ്ടാക്കുകയാണിവർ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു
മുംബൈ: ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യുവാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ജോൺ ജോർജ് ഡിസൂസ, ദത്താത്രായ് ആനന്ദ് ബപർഡേകർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദുബൈ-മുംബൈ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് അറസ്റ്റ്.
6E 1088 എന്ന വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. ദുബൈയിൽ ജോലി ചെയ്ത് ഒരു വർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും നാട്ടിലേക്കുള്ള മടക്കം. ഇത് ആഘോഷമാക്കാൻ രണ്ട് പേരും വിമാനത്തിനുള്ളിലിരുന്ന് മദ്യപിക്കാൻ ആരംഭിച്ചു. ജീവനക്കാർ പല തവണ വിലക്കിയെങ്കിലും മദ്യപാനം തുടർന്ന ഇവർ വിമാനത്തിനുള്ളിലൂടെ വെറുതെ ഇറങ്ങി നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി.
സീറ്റിലിരിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെയും കൂടുതൽ ഉച്ചത്തിൽ ബഹളമുണ്ടാക്കുകയാണിവർ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. ചില യാത്രക്കാരോട് യുവാക്കൾ ആവശ്യമില്ലാതെ തട്ടിക്കയറുകയും ചെയ്തതായാണ് റിപ്പോർട്ട്. രംഗം കൂടുതൽ വഷളാകാതിരിക്കാൻ ജീവനക്കാർ മദ്യക്കുപ്പി ഇവരിൽ നിന്നും പിടിച്ചു വാങ്ങി വെയ്ക്കുകയും ചെയ്തു. ശേഷം വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.