കൃഷിയിടത്തിൽ പന്നി കയറിയെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ തല്ലിക്കൊന്നു
പത്തോളം പേർ ചേർന്നാണ് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.
റാഞ്ചി: ബന്ധുവിന്റെ കൃഷിയിടത്തിൽ കയറി പന്നികൾ വിളകൾ നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അടിച്ചുകൊന്നു. ജാർഖണ്ഡ് തലസ്ഥാനായ റാഞ്ചിയിലെ ഒർമഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം.
പത്തോളം പേർ ചേർന്നാണ് മാരകായുധങ്ങളും കാർഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.
'കൊല്ലപ്പെട്ടവരുടെ വീട്ടിൽ വളർത്തുന്ന പന്നികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11ഓടെ വടികളും ആയുധങ്ങളും കാർഷിക ഉപകരണങ്ങളുമായി പത്തോളം പേർ ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ സംഘം തല്ലിക്കൊന്നു'- റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറഞ്ഞു.
ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ പിടികൂടാൻ പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളും ഇരകളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രതികളെ തിരിച്ചറിഞ്ഞതിനാൽ അവരെ ഉടൻ അറസ്റ്റ് ചെയ്യും'- സമാൻ കൂട്ടിച്ചേർത്തു.