ഹരിയാനയില്‍ കര്‍ഷക സമരത്തിലേക്ക് ബിജെപി എംപിയുടെ കാര്‍ ഇടിച്ചുകയറ്റിയ സംഭവം: കര്‍ഷകര്‍ക്കെതിരെ കേസ്
സംഭവത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റിരുന്നു
ഹരിയാനയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ബിജെപി എംപിയുടെ കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്. കര്‍ഷകര്‍ നല്‍കിയ പരാതി കണക്കിലെടുക്കാതെ തങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. മൂന്നു കേസുകളാണ് പ്രതിഷേധക്കാര്‍ക്കെതിരെ എടുത്തിട്ടുള്ളത്.
നേരത്തെ അപകടത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അംബാലയിലെ നരിന്‍ഗഡില്‍ സമരം തുടരാനാണ് പുതിയ തീരുമാനം. അതേസമയം ആരോടും അനീതി ഉണ്ടാകില്ലെന്നും ഒരു സമ്മര്‍ദ്ദത്തിലും തങ്ങള്‍ തെറ്റായ നടപടി എടുക്കില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ, കര്‍ഷകര്‍ക്കിടയിലേക്കു ബിജെപി എംപി നായെബ് സൈനിയുടെ വാഹനവ്യൂഹത്തിലെ കാറുകളില്‍ ഒരെണ്ണം പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റിരുന്നു.
അതേസമയം, യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറി കര്‍ഷകര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.