സമീപത്തെ കെട്ടിടത്തിൽ തുടർച്ചയായ പൈലിംഗ്: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് 3 മരണം
ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്
വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്നു വീണ് രണ്ട് കുട്ടികളുൾപ്പടെ മൂന്ന് മരണം. ദുർഗ പ്രസാദ്(17), സഹോദരി അഞ്ജലി (15), ചോട്ടു (27) എന്നിവരാണ് മരിച്ചത്. വിശാഖപട്ടണം കളക്ട്രേറ്റിന് സമീപം രാമജോഗി പേട്ടയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. സമീപത്തെ കെട്ടിടത്തിൽ നടന്നു വന്നിരുന്ന പൈലിംഗ് മൂലം കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഗരുഡ് സുമിത് സുനിൽ അറിയിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആറ് പേരെ ഇതിനോടകം രക്ഷപെടുത്തിയിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തൊട്ടടുത്ത കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുകളുണ്ടെന്നറിഞ്ഞിട്ടും ഇയാൾ പൈലിംഗ് അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ തുടർന്നതായാണ് വിവരം. പുരയിടത്തിൽ കുഴൽക്കിണർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വന്നിരുന്നു.