റെയിൽപ്പാളത്തിൽ സിഗ്നൽ തകരാർ പരിഹരിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് ജീവനക്കാർക്ക് ദാരുണാന്ത്യം
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
മുംബൈ: റെയിൽപ്പാളത്തിൽ സിഗ്നൽ തകരാർ പരിഹരിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ വാസൈയ്ക്കു സമീപമായിരുന്നു അപകടം.
ഭയാന്ദർ ചീഫ് സിഗ്നലിങ് ഇൻസ്പെക്ടർ വാസു മിത്ര, ഇലക്ട്രിക്കൽ സിഗ്നലിങ് മെയ്ന്റൈനർ (വാസൈ റോഡ്) സോംനാഥ് ഉത്തം ലാംബുട്രെ, സഹായി സച്ചിൻ വാങ്കഡെ എന്നിവരാണ് മരിച്ചത്.
വാസൈ റോഡ്- നൈഗോൺ സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച രാത്രി 8.55നായിരുന്നു സംഭവം. ചർച്ച് ഗേറ്റ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ലോക്കൽ ട്രെയിനാണ് മൂവരേയും ഇടിച്ചതെന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തകരാറിലായ ചില സിഗ്നലിങ് പോയിന്റുകൾ പരിഹരിക്കാൻ പോയതായിരുന്നു മൂന്നു പേരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായി 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.