രാജ്യത്ത് പുതുതായി 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Update: 2022-05-06 04:03 GMT
Advertising

ഡല്‍ഹി: രാജ്യത്ത് പുതുതായി 3,545 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്. 

അതേസമയം രണ്ടാഴ്ചക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോൾ കേസുകൾ കുറഞ്ഞ് നിൽക്കുന്നതിന് കാരണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡൽഹിയിലെ കോവിഡ് കേസുകൾ. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുകൾ കുറയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ലക്ഷണമില്ലാത്ത നിരവധി രോഗികൾ സംസ്ഥാനത്തുണ്ടാകാം. അവരിൽ നിന്നും നിരവധി പേർക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകൾ കുത്തനെ ഉയർന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒമിക്രോണിൻറെ പുതിയ വകഭേദമാണ് ഡൽഹിയിൽ വ്യാപിച്ചിട്ടുള്ളത്. എന്നാൽ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടർമാർ അഭിപ്രായപെടുന്നുണ്ട്. കോവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ പരിശോധിക്കണമെന്നാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്ന നിർദേശം. ആൾക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. നിലവിലെ കോവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉയർച്ച നാലാം തരംഗമായി കാണാനാകില്ലെന്നണ് ഐ.സി.എം.ആർ നിലപാട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News