5400 കിലോയുടെ 36 ഉപഗ്രഹങ്ങൾ ഒന്നിച്ച്; ചരിത്ര വിക്ഷേപണം വിജയകരമെന്ന് ഇസ്രോ
ജിഎസ്എൽവി മാർക്ക് ത്രീ അർധരാത്രി 12.07നാണ് വിക്ഷേപിച്ചത്
ന്യൂഡൽഹി: ചരിത്രദൗത്യമായ ജിഎസ്എൽവി 3ന്റെ ചരിത്ര വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ഒറ്റയടിക്ക് 5400 കിലോയുടെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ജിഎസ്എൽവി മാർക്ക് ത്രീ അർധരാത്രി 12.07നാണ് വിക്ഷേപിച്ചത്.
നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇസ്രോയെ സംബന്ധിച്ച് ഏറെ നിർണായകവും വാണിജ്യ വിക്ഷേപണ രംഗത്തെ പുതിയ ചുവടുവെപ്പും കൂടിയാണ് ഈ ദൗത്യം. കാരണം, ചരിത്രത്തിൽ ഇതാദ്യമായാണ് ഇസ്രോ ഒരു വാണിജ്യ വിക്ഷേപണത്തിന് ജിഎസ്എൽവി ഉപയോഗിക്കുന്നത്.
10 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ജിഎസ്എൽവി ബാഹുബലി എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. 43.5 മീറ്ററാണ് റോക്കറ്റിന്റെ ഉയരം.മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണിത്. ആദ്യ ഘട്ടം ഖര ഇന്ധനവും രണ്ടാം ഘട്ടത്തിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണുള്ളത്. ജിഎസ്എൽവി മാർക്ക് ത്രീയുടെ വിക്ഷേപണത്തിലൂടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുമെന്നാണ് ഇസ്രോയുടെ പ്രതികരണം.
എൽവിഎം ത്രീയുടെ അഞ്ചാമത്തെ ദൗത്യമാണിത്. ഇതിലൂടെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ബൃഹത് പദ്ധതിയിലാണ് ഇസ്രോ ഭാഗമായിരിക്കുന്നത്.