മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു
മലയോര ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി
തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി.
ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുത് എന്ന് പൊലീസ് നിർദേശിച്ചു. കൊല്ലപ്പെട്ടത് മെയ്തെയ് പംഗലുകളിൽപ്പെട്ട നാല് പേരെന്ന് സൂചന.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതരാണ് നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. നിരവധി പേർക്ക് പരിക്കേറ്റതായും ചിലർ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബൈരൻ സിങ് പ്രദേശവാസികളോട് വിഡിയോ സന്ദേശത്തിലൂടെ സമാധാനത്തിന് ആഹ്വാനം ചെയ്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മേയ് മൂന്നിന് വംശീയ കലാപം ആരംഭിച്ചതിനുശേഷം 180ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കൂടുതൽ പൊലീസിനെ വിന്യസിച്ചു.