സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്‍റൈനില്‍

ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ

Update: 2022-01-09 06:13 GMT
Advertising

സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. 32 ജഡ്ജിമാരിൽ നാല് പേർ രോഗബാധിതരായതിനാൽ കോടതിയിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.

ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് ഫലം വന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത നാലോ ആറോ ആഴ്‌ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നേരത്തെ തന്നെ രണ്ടാഴ്ചത്തേക്ക് വെർച്വൽ ഹിയറിങിലേക്ക് മാറിയിരുന്നു. ജനുവരി 7 മുതലാണ് വെര്‍ച്വല്‍ ഹിയറിങ് തുടങ്ങിയത്. വളരെ അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ കോവിഡ് വ്യാപനത്തിനിടെ സുപ്രീംകോടതി വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ കേൾക്കാന്‍ തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ വീണ്ടും നേരിട്ടു കേസുകള്‍ പരിഗണിച്ചുതുടങ്ങി.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളും ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തി. രാജ്യത്ത് സജീവമായ കേസുകൾ 5,90,611 ആണ്. പോസിറ്റീവ് നിരക്ക് 10.21 ശതമാനമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,55,28,004 ആയി. കോവിഡ് രോഗമുക്തി 96.98 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 41,434 പേര്‍ക്ക്. 20,318 കേസുകളും മുംബൈയിലാണ്. ഡല്‍ഹിയില്‍ 20,181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.60 ശതമാനമായി.

ഒമിക്രോണ്‍ കേസുകളുടെ എണ്ണവും കൂടുകയാണ്. 27 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍- 1009 കേസുകള്‍. ഡല്‍ഹിയില്‍ 513 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 1409 പേര്‍ രോഗമുക്തി നേടി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News