കൂറുമാറിയ നേതാക്കൾക്ക് നിയമത്തോട് ഭയമില്ല; കാരണം ഡി.വൈ ചന്ദ്രചൂഡ് : സഞ്ജയ് റാവത്ത്
കൂറ് മാറിയ നേതാക്കളെ അയോഗ്യരാക്കാനുള്ള ഹരജികളിൽ തീർപ്പ് കൽപ്പിക്കാതെ മുൻ ചീഫ് ജസ്റ്റിസ് നേതാക്കളിൽ നിയമത്തോടുള്ള ഭയം ഇല്ലാതാക്കിയെന്ന് വിമർശനം
മുംബൈ: കൂറ് മാറിയ നേതാക്കളെ അയോഗ്യരാക്കാനുള്ള ഹരജികളിൽ തീർപ്പ് കൽപ്പിക്കാതെ മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി,വൈ ചന്ദ്രചൂഡ് ഈ നേതാക്കൾക്ക് നിയമത്തിന് മുകളിലുള്ള ഭയം കളഞ്ഞെന്ന് ശിവസേന (യുടിബി) നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം നേരിട്ട തോൽവിയിൽ പ്രതികരിക്കവെയായിരുന്നു മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷവിമർശനവുമായി റാവത്ത് രംഗത്തുവന്നത്.
ചന്ദ്രചൂഡിന്റെ പേര് ചരിത്രത്തിൽ കറുത്ത അക്ഷരത്തിൽ എഴുതപ്പെടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയാണ് റാവത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. അയോഗ്യതാ ഹരജികളിൽ വിധി പറയാതെ കൂറുമാറ്റങ്ങൾ ഇനിയും നടക്കുന്നതിനായി വാതിലുകളും ജനലുകളും തുറന്നിട്ടിരിക്കുകയാണ് ചന്ദ്രചൂഡെന്നും റാവത്ത് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ 95 സീറ്റുകളിൽ മത്സരിച്ച റാവത്തിന്റെ പാർട്ടിക്ക് 20 സീറ്റുകൾ മാത്രമായിരുന്നു നേടാനായത്. 102 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 സീറ്റിൽ മാത്രമാണ് ജയിച്ചത്. ശരദ് പവാറിന്റെ എൻസിപിക്ക് പത്ത് സീറ്റുകളാണ് നേടാനായത്. ശിവസേനയും എൻസിപിയും വിട്ടുപോയവർക്കാണ് കരുത്ത് കൂടുതലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ഷിൻഡെയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന 124 സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപിക്കും മറ്റ് സഖ്യകക്ഷികൾക്കുമായി 163 സീറ്റുകൾ വിട്ടുകൊടുത്തിരുന്നു.അവിഭക്ത ശിവസേനയും എൻസിപിയും യഥാക്രമം 56, 54 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 44 സീറ്റുകളാണ് ലഭിച്ചത്.ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം ശിവസേന എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ ജൂണിൽ താഴെവീഴുകയായിരുന്നു. തുടർന്ന് ശിവസേനയുടെ വിമത എംഎൽഎമാർ ബിജെപിയുമായി കൈകോർത്ത് സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും ജൂൺ 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു പിന്നാലെ വിമതരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി താക്കറെ പക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഫലം അപ്രതീക്ഷിതമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫലം വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്‌സിൽ കുറിച്ചു. മഹാരാഷ്ട്രയിലെ ഫലം അപ്രതീക്ഷിതമെന്നും തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തുമെന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.
നവംബർ എട്ടിനായിരുന്നു ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയൊഴിഞ്ഞത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് പുതിയ ചീഫ് ജസ്റ്റിസ്. നിലവിൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്നയെ ചന്ദ്രചൂഡ് തന്നെയാണ് ചീഫ് ജസ്റ്റിസായി നിർദേശിച്ചത്. ആറുമാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാവുക. 2025 മെയ് 13നാണ് ജസ്റ്റിസ് ഖന്ന സർവീസിൽനിന്ന് വിരമിക്കുന്നത്. 65 വയസ്സാണ് സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം.