തെലങ്കാനയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം നാല് സ്ത്രീകൾ മരിച്ചു; അന്വേഷണം
ഡിപിഎൽ വന്ധ്യംകരണ ക്യാമ്പിൽ പങ്കെടുത്ത നാല് സ്ത്രീകളാണ് മരിച്ചത്.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡിപിഎൽ വന്ധ്യംകരണ ക്യാമ്പിൽ പങ്കെടുത്ത നാല് സ്ത്രീകളാണ് മരിച്ചത്.
ഡോക്ടര്‍മാരുടെ അശ്രദ്ധയെന്ന ആരോപണവുമായി സ്ത്രീകളുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ഇതോടെ സംസ്ഥാന പബ്ലിക് ഹെൽത്ത് ഡയറക്ടർ ജി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണത്തിന് തെലങ്കാന സർക്കാർ ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കും.
ആഗസ്ത് 25ന് രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തുള്ള സർക്കാർ ആശുപത്രിയിൽ 34 സ്ത്രീകളുടെ ശസ്ത്രക്രിയയാണ് നടത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ശ്രീനിവാസ റാവു പറഞ്ഞു. ആശുപത്രി സൂപ്രണ്ടിനെ അന്വേഷണത്തിന്‍റെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി.
നാല് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മറ്റ് 30 സ്ത്രീകളുടെയും ആരോഗ്യനില പരിശോധിച്ചെന്ന് റാവു പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ, ഏഴ് പേരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ആരുടെയും ജീവന്‍ അപകടത്തില്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ച സ്ത്രീകളുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വീടും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കും. ഓരോ വർഷവും ഇത്തരത്തില്‍ ഏകദേശം 1.50 ലക്ഷം ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും ഈ വർഷം മാത്രം ഈ പ്രത്യേക ക്യാമ്പിൽ പ്രശ്നമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ശ്രീനിവാസ റാവു പറഞ്ഞു.