40 താരപ്രചാരകരുമായി എഎപി ഹരിയാനയിൽ: സുനിത കെജ്‌രിവാളും പട്ടികയിൽ
90 അംഗ നിയമസഭയിലേക്ക് 61 സ്ഥാനാർത്ഥികളെ എഎപി ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 താര പ്രചാരകരെ രംഗത്തിറക്കി ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, എഎപി നേതാക്കളായ സഞ്ജയ് സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കമാണ് ഹരിയാനയിലേക്ക് എത്തുന്നത്.
21 സ്ഥാനാർത്ഥികളുടെ നാലാമത്തെ പട്ടികയും എഎപി പുറത്തിറക്കി. 90 അംഗ നിയമസഭയിലേക്ക് 61 സ്ഥാനാർത്ഥികളെ എഎപി ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു. നേതാക്കളെല്ലാം ഹരിയാനയില്‍ തന്നെ തമ്പടിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡൻ്റും കലയാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ അനുരാഗ് ദണ്ഡയോടൊപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മനീഷ് സിസോദിയയും എത്തിയിരുന്നു. റാലിയായണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇരുവരും പോയത്.
എഎപി ഹരിയാനയില്‍ സർക്കാർ രൂപീകരിക്കുമെന്ന് സിസോദിയ പറഞ്ഞു. ' പ്രധാന പോരാട്ടം അഴിമതിയോടാണ്. സ്കൂൾ വിരുദ്ധ രാഷ്ട്രീയത്തോടും, ആശുപത്രി വിരുദ്ധ രാഷ്ട്രീയത്തോടും, തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ രാഷ്ട്രീയത്തോടും കൂടിയാണ്'- അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുമായുള്ള സഖ്യം സാധ്യമാകാതെ പോയതോടെയാണ് ഇരുപാര്‍ട്ടികളും സ്വന്തം നിലക്ക് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടികളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുന്നത്. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ എഎപിയും കോൺഗ്രസും തമ്മിൽ നടന്നിരുന്നുവെങ്കിലും പരാജയപ്പെട്ടു.
ഹരിയാനയിലെ വോട്ട് വിഭജിച്ചു പോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത നോക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. രാഹുലിന്റെ നിർദേശത്തെ എഎപി സ്വാഗതം ചെയ്തു. എന്നാൽ സീറ്റ് വിഭജനം കീറാമുട്ടിയായി നില്‍ക്കുകയായിരുന്നു.
സെപ്തംബർ 12നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 5 ന് നടക്കും. ഒക്ടോബർ 8നാണ് വോട്ട് എണ്ണല്‍.