മുന്‍ധാരണകളെ പഴങ്കഥയാക്കി പ്രിയങ്ക അങ്കത്തട്ടിലിറങ്ങുമ്പോള്‍ തുടക്കമിടുന്നത് വലിയൊരു രാഷ്ട്രീയ യാത്രക്ക്
നെഹ്‌റു കുടുംബത്തിൽ നിന്നും സോണിയ ഗാന്ധിയുടെ പിൻഗാമി രാഹുലാണോ പ്രിയങ്കയാണോ എന്ന ചോദ്യത്തിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്
ഡല്‍ഹി: കന്നിയങ്കത്തിന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക നൽകുമ്പോൾ തുടക്കമിടുന്നത് വലിയൊരു രാഷ്ട്രീയ യാത്രക്കാണ് . പാർലമെന്‍ററി രംഗത്ത് രാഹുൽ ഗാന്ധിയും സംഘടനാ രംഗത്ത് പ്രിയങ്ക ഗാന്ധിയുമെന്ന ധാരണയെ പഴങ്കഥയാക്കിയാണ് പ്രിയങ്ക അങ്കത്തട്ടിൽ ഇറങ്ങുന്നത്. ലോക്‌സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാൻ വിവിധ പിസിസികൾ മത്സരിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയാകാൻ വയനാട് തന്നെ തെരഞ്ഞെടുത്തിരുക്കുന്നത്.
നെഹ്‌റു കുടുംബത്തിൽ നിന്നും സോണിയ ഗാന്ധിയുടെ പിൻഗാമി രാഹുലാണോ പ്രിയങ്കയാണോ എന്ന ചോദ്യത്തിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട് . ആദ്യ നാളുകളിൽ ജനക്കൂട്ടത്തിൽ നിന്നും ,മുതിർന്ന നേതാക്കളിൽ നിന്നും അകന്ന് നിന്നിരുന്ന രാഹുൽ , ഇന്ന് കാണുന്ന രാഹുലിലേക്ക് എത്താൻ ഏറെ പണിപ്പെടേണ്ടി വന്നു . 1998 ഇൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സോണിയ ഗാന്ധി ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന പ്രിയങ്കക്ക് ഇന്നത്തെ ഇതേ ചിരി അന്നും ഉണ്ടായിരുന്നു . മോദിയെ കടന്നാക്രമിക്കുന്നത് മുതൽ ഫലസ്തീൻ ഐക്യദാർഢ്യം വരെ ഉറക്കെ പറഞ്ഞു ,തെളിമയുള്ള നിലപാട് പ്രിയങ്ക വ്യക്തമാക്കി. ബെല്ലാരിയിൽ സോണിയ ഗാന്ധി , സുഷമ സ്വരാജുമായി പോരാടുമ്പോൾ വിദേശ വനിതയെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത് . ഇതിനു മറുപടി പറയാതെ ,അമ്മയെ ബെല്ലാരിക്കാരെ ഏൽപ്പിക്കുന്നു , വിജയിപ്പിക്കണം എന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത് .
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി തളർന്നു എത്തിയ രാഹുൽ ഗാന്ധിയെ തോളിൽ കയ്യിട്ട് വസതിക്ക് ഉള്ളിലേക്ക് കൊണ്ടുപോയ പ്രിയങ്ക ഗാന്ധി കുറച്ചു നേരത്തേക് എങ്കിലും രാഹുലിന്‍റെ ചേച്ചിയായി മാറി. ലേഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയപ്പോൾ കൊടുങ്കാറ്റു പോലെ പ്രിയങ്ക അവിടെയെത്തി .
നെഹ്‌റു പ്രധാന മന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നു . ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രി ആയപ്പോൾ രാജീവ് ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി ആയിരുന്നു . സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ രാഹുൽ ഗാന്ധി ഉപാധ്യക്ഷനായി . ഇപ്പോൾ പ്രതിപക്ഷ നേതാവായ രാഹുലിനു ഒപ്പം പ്രിയങ്കയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുണ്ട് . മൂന്ന് വർഷം പൂർത്തിയാകുമ്പോൾ മല്ലികാർജുന്‍ ഖാർഗെ കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുകയും ഈ പദവിയിലേക്ക് പ്രിയങ്ക ഗാന്ധി എത്തുകയും ചെയുമെന്നാണ് കരുതുന്നത് . ജനങ്ങളോട് ചിരിച്ചു ഇടപെടുമ്പോഴും വീഴ്ച കാട്ടുന്ന നേതാക്കളെ മുഖത്ത് നോക്കി വിമർശിക്കാനും പ്രിയങ്ക മടി കാട്ടാറില്ല.
2019 ലെ ലോക്സഭാ പരാജയം വിലയിരുത്താൻ ചേർന്ന വർക്കിങ് കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചിരുന്നു . പ്രാദേശിക നേതാക്കളെ കയറൂരി വിടുന്ന രാഹുലിന്‍റെ നയം മൂലമാണ് ഹരിയാന വിജയം കയ്യിൽ നിന്നും വഴുതിപ്പോയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു . പ്രിയങ്ക പാർട്ടിയിൽ പിടിമുറുക്കുന്നതോടെ ഇത്തരം പോരായ്‌മ കൂടി പരിഹരിക്കപ്പെടുമെന്ന് ആണ് വിശ്വാസം.