ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം; അഞ്ചു മരണം, നിരവധിപേരെ കാണാതായി
ദിവസങ്ങളായി ജമ്മുവില്‍ കനത്ത മഴയാണ്. ഈ മാസം അവസാനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അഞ്ചുമരണം. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. നാല്‍പ്പതോളം പേരെ കാണാതായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെയും പൊലീസിന്റെയും സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പ്രദേശത്ത് കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും കിഷ്ത്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അശോക് കുമാര്‍ ശര്‍മ അറിയിച്ചു.
കിഷ്ത്വാറിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കഴിയുന്നത്ര ജീവൻ രക്ഷിക്കുക എന്നതിനാണ് മുൻഗണനയെന്നും അമിത് ഷാ പറഞ്ഞു. ദിവസങ്ങളായി ജമ്മുവില്‍ കനത്ത മഴയാണ്. ഈ മാസം അവസാനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Cloudburst in #Kishtwar village in #Jammu: Five dead, over 25 missing pic.twitter.com/0CeZj4uRTB
— Irfan Amin Malik (@irfanaminmalik) July 28, 2021