സുമിയില്‍ സ്ഫോടനം: അറുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു
ആക്രമണത്തില്‍ റെയില്‍ പാത തകർന്നതിനാല്‍ യാത്ര ചെയ്യാനാകുന്നില്ലെന്ന് വിദ്യാർഥികള്‍
യുക്രൈൻ നഗരമായ സുമിയിൽ റഷ്യന്‍ ആക്രമണം രൂക്ഷം. മലയാളികളടക്കം അറുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നേരിട്ട് കണ്ടെന്നും എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും വിദ്യാർഥികൾ പറയുന്നു.
അറുനൂറോളം വിദ്യാർഥികളാണ് സുമിയിലെ ബങ്കറിൽ പ്രതീക്ഷ കൈവിടാതെ ഭീതിയുടെ മുൾമുനയിൽ കഴിയുന്നത്. ഇന്ത്യൻ എംബസിയിലേക്ക് വിളിക്കുമ്പോൾ ഫോൺ കട്ട് ചെയ്യുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇങ്ങനെ പോകുകയാണെങ്കിൽ ഇനി ഈ കൂട്ടത്തിൽ എത്ര പേരുണ്ടാകുമെന്നറിയില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുത്തണം. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഭക്ഷണം തീരാറായി. പലരും കുഴഞ്ഞുവീഴുന്നുന്നു. പൈപ്പ് വെള്ളമാണ് കുടിക്കുന്നത്. പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കേണ്ടി വരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ആക്രമണത്തില്‍ റെയില്‍ പാത തകർന്നതിനാല്‍ യാത്ര ചെയ്യാനാകുന്നില്ലെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. സുമിയിൽ തുടർച്ചയായി ഷെല്ലാക്രണവും ബോബിങ്ങും തുടരുകയാണ്. അറുനൂറോളം വിദ്യാർഥികളാണ് ദിവസങ്ങളായി ബങ്കറുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെയാണ് വിദ്യാർഥികൾ ബങ്കറുകളിലേക്ക് മാറിയത്.
യുക്രൈനിലെ റഷ്യന്‍ ആക്രമണം ഒന്‍പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. രണ്ട് സ്കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.