സ്കൂൾ പാചകപ്പുരയിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഭക്ഷണം വാങ്ങാനെത്തിയ കുട്ടി തിളയ്ക്കുന്ന സാമ്പാർ ചെമ്പിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
ബംഗളൂരു: സ്കൂളിലെ പാചകപ്പുരയിൽ തയാറാക്കിക്കൊണ്ടിരുന്ന സാമ്പാറിൽ വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കർണാടക കലബുർഗി ജില്ലയിലെ ചൈനമഗേര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഏഴു വയസുകാരിയായ മഹന്തമ്മ ശിവപ്പ ജമാദാർ ആണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ പാചകപ്പുരയിൽ വച്ചായിരുന്നു കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി തിളയ്ക്കുന്ന സാമ്പാർ ചെമ്പിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുർഗിയിലെ ജിംസ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും അവിടുന്ന് ശനിയാഴ്ച ബെംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപിക ലലാബി, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ, പാചകത്തൊഴിലാളികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. കൂടാതെ, ഇവരിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
പ്രധാനാധ്യാപിക ലലാബി, ഇൻചാർജ് ഹെഡ്മാസ്റ്റർ രാജു ചവാൻ, പ്രധാന പാചകക്കാരി കസ്തൂർഭായ് തലക്കേരി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ പിറ്റേന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.