'70 സ്ത്രീകൾക്ക് ബി.ജെ.പി 2,000 രൂപ വീതം നൽകി'; സന്ദേശ്ഖലി കേസിൽ പുതിയ വെളിപ്പെടുത്തൽ
ബി.ജെ.പി സന്ദേശ്ഖലി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാലിന്റെ പേരിലുള്ള വിഡിയോ ആണു പുറത്തുവന്നിരിക്കുന്നത്
കൊൽക്കത്ത: സന്ദേശ്ഖലി പീഡനക്കേസിൽ ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കേസിൽ അറസ്റ്റിലായ ഷാജഹാൻ ശൈഖ് ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പ്രതിഷേധത്തിലേക്ക് ബി.ജെ.പി പണം നൽകി സ്ത്രീകളെ കൂട്ടമായി എത്തിച്ചുവെന്നാണു പുതിയ വെളിപ്പെടുത്തൽ. ഇതേക്കുറിച്ചെല്ലാം സംസാരിക്കുന്ന ഒരു ബി.ജെ.പി നേതാവിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
ബി.ജെ.പി സന്ദേശ്ഖലി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാലിന്റെ പേരിലാണു ദൃശ്യം പ്രചരിക്കുന്നത്. 45 മിനിറ്റോളം നീളുന്ന വിഡിയോയിൽ സംഭവത്തിനു പിറകിൽ നടന്ന ഗൂഢാലോചനകളെ കുറിച്ചെല്ലാം നേതാവ് വെളിപ്പെടുത്തുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ 70 സ്ത്രീകൾക്ക് 2,000 രൂപ വീതം നൽകിയെന്നാണു പ്രധാന വെളിപ്പെടുത്തൽ. സന്ദേശ്ഖലി പീഡനക്കേസ് ബി.ജെ.പി പടച്ചുണ്ടാക്കിയതാണെന്നു വെളിപ്പെടുത്തുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഡിയോയിലും ഗംഗാധർ തന്നെയാണു സംസാരിക്കുന്നത്. ഇതു വ്യാജ വിഡിയോ ആണെന്ന വിശദീകരണവുമായി പിന്നീട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
മറ്റൊരാളുമായി ഗംഗാധർ സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ ഗംഗാധറിന്റെ വാക്കുകൾ ഇങ്ങനെയാണ്:
''50 ബൂത്തുകളിലേക്കായി നമുക്ക് 2.5 ലക്ഷം രൂപ വേണം നമുക്ക്. ഇവിടെനിന്നു വരുന്ന പ്രതിഷേധക്കാരിൽ 30 ശതമാനവും സ്ത്രീകളായിരിക്കും. തൃപ്തികരമായ കാഷ് നൽകി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാരെ കൂടുതലായി എത്തിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലും പ്രതിഷേധത്തിന്റെ മുൻനിരയിൽ പൊലീസുമായി ഏറ്റുമുട്ടേണ്ടത് സ്ത്രീകളായിരിക്കണം.''
വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് ഗംഗാധർ കയാലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, പ്രചരിക്കുന്നതു വ്യാജ വിഡിയോ ആണെന്നാണ് ബി.ജെ.പി നേതൃത്വം വിശദീകരിച്ചത്. അതേസമയം, സന്ദേശ്ഖലി കേസിൽ ബി.ജെ.പിയുടെ വ്യാജ പ്രചാരണങ്ങളുടെ യാഥാർഥ്യമാണു പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് റിജു ദത്ത പ്രതികരിച്ചു.
മേയ് ആദ്യത്തിൽ പുറത്തുവന്ന വിഡിയോയിലും സന്ദേശ്ഖലി പ്രതിഷേധങ്ങളെ കുറിച്ച് ഗംഗാധർ സംസാരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയാണ് സന്ദേശ്ഖലി ഗൂഢാലോചന മൊത്തം നടത്തിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സുവേന്ദു പറഞ്ഞിട്ടാണു പ്രതിഷേധങ്ങളെല്ലാം സംഘടിപ്പിച്ചതെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ, തൃണമൂൽ കോൺഗ്രസ് പടച്ചുണ്ടാക്കിയ വ്യാജ ദൃശ്യങ്ങളാണ് ഇവയെന്നു പറഞ്ഞ് കൈയൊഴിയുകയായിരുന്നു ബി.ജെ.പി നേതൃത്വം.
ഗംഗാധറിന്റെ ആദ്യ വിഡിയോയ്ക്കു പിന്നാലെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്. തൃണമൂൽ നേതാക്കൾക്കെതിരായ പീഡനക്കേസിൽ ഇരകളായിരുന്ന രണ്ടു സ്ത്രീകൾ മജിസ്‌ട്രേറ്റിനുമുൻപാകെ ഹാജരായി പരാതി പിൻവലിച്ചു. കേസിൽ പറയുന്ന പോലെ തങ്ങൾ ലൈംഗികമായ പീഡനത്തിനൊന്നും ഇരയായിട്ടില്ലെന്ന് പരാതിക്കാരിയായിരുന്ന യുവതി വ്യക്തമാക്കി. തന്റെയും ഭർതൃമാതാവിന്റെയും പേരിൽ ബി.ജെ.പി നേതാക്കൾ പടച്ചുണ്ടാക്കിയ പരാതികളാണെന്നും ദേശീയ വനിതാ കമ്മിഷൻ നേതാക്കൾ ഉൾപ്പെടെ ഇതിനായി വീട്ടിലെത്തിയിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
മാധ്യമങ്ങൾക്കുമുന്നിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ യുവതി വെളിപ്പെടുത്തിയത്. ദേശീയ വനിതാ കമ്മിഷൻ അംഗങ്ങളും പ്രാദേശിക ബി.ജെ.പി മഹിളാ മോർച്ച നേതാക്കളും വീട്ടിലെത്തിയിരുന്നതായി യുവതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചത്. തൃണമൂൽ നേതാക്കൾക്കെതിരായ വ്യാജ പരാതിയായിരുന്നു ഇതെന്നു പിന്നീടാണു വ്യക്തമാകുന്നത്. ഇപ്പോൾ പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ പലഭാഗങ്ങളിൽനിന്നും ഭീഷണി വരുന്നുണ്ടെന്നു പറഞ്ഞ് ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പിയാലി ദാസ്, മമ്പി ദാസ് എന്നിങ്ങനെ പേരുള്ള രണ്ടു സ്ത്രീകൾ ഒരു ദിവസം വീട്ടിൽ വന്ന് അമ്മയെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു യുവതി വെളിപ്പെടുത്തിയത്. സ്റ്റേഷനിൽ എത്തിയ ശേഷം ഗേറ്റ് അകത്തുനിന്ന് പൂട്ടി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിട്ടേണ്ട തുക ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയാണ് അമ്മ സ്റ്റേഷനിൽ നൽകിയത്. പരാതി നൽകിയ ശേഷം ഒരു വെള്ളക്കടലാസ് നൽകി ഒപ്പിടാൻ ആശ്യപ്പെട്ടു. എന്ത് ആവശ്യത്തിനാണിതെന്നൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ, തൃണമൂൽ നേതാക്കൾ പീഡിപ്പിച്ചെന്നു പറഞ്ഞു പ്രചരിക്കുന്ന കേസിൽ പരാതിക്കാരികളായി താനും അമ്മയുമുണ്ടെന്ന വിവരമാണു പിന്നീട് അറിയുന്നതെന്ന് യുവതി പറഞ്ഞു.
പീഡന പരാതിയിൽ പറയുന്ന ഒരു സംഭവവും നടന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിലേക്ക് രാത്രിസമയത്ത് ആരും തങ്ങളെ നിർബന്ധിച്ചു കൊണ്ടുപോയിട്ടില്ല. നേരത്തെ തയാറാക്കിയ വ്യാജ ആരോപണങ്ങളായിരുന്നു ഇതെല്ലാം. അത്തരത്തിലൊരു വ്യാജ പരാതിയുടെയും ഭാഗമാകാൻ തങ്ങൾക്കു താൽപര്യമില്ലെന്നു യുവതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുൻപാകെ യുവതിയുടെയും ഭർതൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഊരുവിലക്ക് ഉൾപ്പെടെ നേരിടുന്നുണ്ടെന്നും അയൽക്കാർ തങ്ങളോട് മിണ്ടാതെയായെന്നും ഇവർ പറയുന്നു. ഇപ്പോൾ തങ്ങളെ ആരൊക്കെയോ തങ്ങളെ പിന്തുടരുന്നുണ്ടെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പൊലീസിൽനിന്നു സംരക്ഷണവും തേടിയിട്ടുണ്ട് ഇവർ.
തൃണമൂൽ നേതാക്കൾ ഓഫിസിൽ കൊണ്ടുപോയും അല്ലാതെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് സന്ദേശ്ഖലിയിലെ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനിൽക്കെ പുറത്തുവന്ന പരാതികൾ ബംഗാളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനിടെ കേസിൽ പ്രധാന പ്രതിയായ ശൈഖ് ഷാജഹാനെ ഇ.ഡി അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ കൂട്ടാളികളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്റ, ഉത്തരം സർദാർ എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Summary: New video claims 70 women in Sandeshkhali received RS 2,000 each from BJP to protest in the rape case against TMC leaders