ആർഎസ്എസ് പ്രവർത്തകർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതുമ്പോൾ മുസ്‌ലിം സമുദായം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു: ഗൗരവ് ഗൊഗോയ്

ഭിന്നിപ്പിച്ചു ഭരിക്കാനാണ് കേന്ദ്ര സർക്കർ ശ്രമിക്കുന്നതെന്നും ​ഗൗരവ് ​ഗൊ​ഗോയ് പറഞ്ഞു.

Update: 2025-04-02 11:01 GMT
Advertising

ന്യൂഡൽഹി: ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് ലോക്‌സഭാ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസ് പ്രവർത്തകർ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകുകയും ചെയ്തപ്പോൾ മുസ്‌ലിം സമുദായം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നുവെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മംഗൾ പാണ്ഡെക്കൊപ്പം രക്തസാക്ഷികളായ, സ്വാതന്ത്രസമരത്തിൽ രണ്ട് ലക്ഷത്തോളം പണ്ഡിതൻമാർക്ക് ജീവൻ നഷ്ടമായ, ദണ്ഡി മാർച്ചിൽ ഗാന്ധിജിയെ പിന്തുണച്ച, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തെ എതിർത്ത ഒരു സമുദായത്തെ അധിക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗൊഗോയ് പറഞ്ഞു.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ബില്ലിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബില്ല് മാറ്റങ്ങൾ കൊണ്ടുവരും. ഇതിന് മുമ്പും വഖഫ് നിയമത്തിൽ ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരും എതിർത്തില്ലെന്നും മന്ത്രി പറഞ്ഞു.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News