15 മണിക്കൂര്‍ ജോലി, തുച്ഛമായ വേതനം; ഡല്‍ഹിയിലെ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി
ഈ കുട്ടികൾക്ക് മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിദിനം 50-100 രൂപ മിനിമം വേതനത്തിലാണ് ജോലി ചെയ്തിരുന്നത്
വടക്കന്‍ ഡല്‍ഹിയിലെ വിവിധ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി. ചൈൽഡ് വെൽഫെയർ ഓർഗനൈസേഷനായ സഹയോഗ് കെയർ ഫോർ യുവും നരേലയിലെ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഈ കുട്ടികൾക്ക് മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിദിനം 50-100 രൂപ മിനിമം വേതനത്തിലാണ് ജോലി ചെയ്തിരുന്നത്.
9നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 38 പെണ്‍കുട്ടികളും 36 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോർത്ത് ഡൽഹിയിലെ ബവാനയിലെ പോളിഷിംഗ്, കളിപ്പാട്ടം, ഫാൻ നിർമ്മാണ യൂണിറ്റുകളിൽ അപകടകരമായ സാഹചര്യങ്ങളിൽ ദിവസത്തിൽ 15 മണിക്കൂർ ജോലി ചെയ്തിരുന്നതായി കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ സംഘം വെളിപ്പെടുത്തി. പുറത്തിറങ്ങാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു.
17,000 രൂപ മാസ ശമ്പളത്തിൽ ഫാക്ടറിയിൽ മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്ന് കുട്ടികളിൽ ഒരാളെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ബവാന ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു കൂളർ പമ്പ് നിർമാണ ഫാക്ടറിയിലാണ് ജോലി ലഭിച്ചത്. ദിവസം 50-100 രൂപ മാത്രമാണ് കൂലിയായി ലഭിച്ചിരുന്നത്. ''ഫാക്ടറി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കോവിഡ് കാരണം അധിക സാമ്പത്തിക പ്രശ്‌നങ്ങളും സ്‌കൂൾ അടച്ചുപൂട്ടലും കാരണം ഒരു തലമുറ തന്നെ അപകടത്തിലാണ്''സഹയോഗ് കെയർ ഫോർ യു ഡയറക്ടർ ശേഖർ മഹാജൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.