യു.പിയില്‍ മത കേന്ദ്രങ്ങളില്‍ നിന്നും 778 ഉച്ചഭാഷിണികൾ നീക്കം ചെയ്തു

അമേത്തിയിലെ 202 ക്ഷേത്രങ്ങളും 761 മുസ്‍ലിം പള്ളികളും ഉൾപ്പെടെ 963 ആരാധനാലയങ്ങൾക്ക‍് പൊലീസ് നോട്ടീസ് അയച്ചു

Update: 2022-04-27 13:53 GMT
Editor : ijas
Advertising

ലഖ്‌നൗ: ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള മത കേന്ദ്രങ്ങളില്‍ നിന്നും 778 ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഉത്തർപ്രദേശിലെ വിവിധ സമുദായങ്ങളുടെ മതപരമായ സ്ഥലങ്ങളിൽ നിന്നാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 778 ഉച്ചഭാഷിണികൾ നീക്കം ചെയ്തത്. ഇതിനുപുറമേ 21,140 ലൗഡ് സ്പീക്കറുകളുടെ ശബ്ദം നിശ്ചിത ഡെസിബെൽ ലെവലിന് അനുസൃതമായി കുറക്കുകയും ചെയ്തു.

യുപി പൊലീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ലഖ്‌നൗ പൊലീസ് പരിധിയില്‍ നിന്നും മാത്രം പരമാവധി 711 അനധികൃത ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്. ബറേലി പൊലീസ് പരിധിയിലെ 5,469 ഉച്ചഭാഷിണികളുടെ ശബ്ദം താഴ്ത്തുകയും ചെയ്തു. അമേത്തിയിലെ 202 ക്ഷേത്രങ്ങളും 761 മുസ്‍ലിം പള്ളികളും ഉൾപ്പെടെ 963 ആരാധനാലയങ്ങൾക്ക‍് പൊലീസ് സൂപ്രണ്ട് ദിനേശ് സിംഗ് നോട്ടീസ് അയച്ചു. മതപരമായ സ്ഥലങ്ങളിൽ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു അഭിസംബോധന സംവിധാനങ്ങൾ സ്ഥാപിക്കുന്നില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ നിര്‍ദിഷ്ട സ്ഥലത്തിനപ്പുറത്തേക്ക് ശബ്ദം പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ക്ഷേത്രമായാലും മുസ്‍ലിം പള്ളിയായാലും മതപരമായ സ്ഥലത്ത് ഒരു ഉച്ചഭാഷിണി മാത്രമേ സ്ഥാപിക്കാവൂവെന്നും വിശാലമായ മത കേന്ദ്രമാണെങ്കില്‍ ഒന്നിൽ കൂടുതൽ ശബ്ദ സംവിധാനം സ്ഥാപിക്കാൻ അനുവാദമുണ്ടെന്നും അതിനായി ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍റെ പരിശോധന അനിവാര്യമാണെന്നും യു.പി പൊലീസ് പറഞ്ഞു. ലൗഡ് സ്പീക്കറുകളുടെ ശബ്‌ദം നിശ്ചിത പരിധിയിൽ കവിയുന്നില്ലെന്നും ശബ്ദം നിശ്ചിത പരിസരത്ത് നിന്ന് പുറത്തുവരരുതെന്നും ഉറപ്പാക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിർദ്ദേശങ്ങൾ പാലിച്ച് സംസ്ഥാനത്തുടനീളം മുസ്‍ലിം, ഹിന്ദു സമുദായങ്ങളിൽ നിന്നുള്ള 40,000 മതനേതാക്കളുമായി കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും നടത്തുകയും ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് അറിയിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നോയിഡ പൊലീസ് കമ്മീഷണറേറ്റാണ് ശബ്ദ പരിധി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നോട്ടീസ് ആദ്യം നൽകുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News