ലാൽ.. 78 വയസ്, ഒൻപതാം ക്ലാസിൽ പഠിക്കുന്നു: ഇംഗ്ലീഷ് പഠിക്കാൻ സ്‌കൂളിൽ ചേർന്ന് വയോധികൻ... കയ്യടി
ഒരു ചാറ്റൽ മഴ കണ്ടാൽ കളക്ടറുടെ പേജ് നോക്കിയിരിക്കുന്ന തലമുറക്ക് ഒരു ഭീഷണിയാണ് ലാൽ. ദിവസവും 3 കിലോമീറ്റർ നടന്നാണ് ഈ 78കാരൻ സ്‌കൂളിലേക്ക് പോകുന്നത്.
98 വയസിൽ പത്താം ക്ലാസ് എഴുതി പാസായവരുടെ വാർത്തകൾ ഇപ്പോൾ അത്ര പുതുമയുള്ളതല്ല. തുല്യതാ പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് നേടുന്ന വയോധികരുടെ എണ്ണം വർധിച്ചുവരികയാണ്. പഠിക്കാൻ പ്രായം ഒരു പ്രശ്നമാണോ? ഒരിക്കലും അല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മിസോറാമിൽ നിന്നുള്ള ഒരു അപ്പൂപ്പൻ.
78 വയസാണ് കക്ഷിക്ക്.. ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. മിസോറാമിൽ നിന്നുള്ള ലാൽറിംഗ്‌താരയാണ് സ്‌കൂളിൽ പോയി കയ്യടി നേടുന്നത്. മ്യാൻമർ അതിർത്തിയോട് ചേർന്ന് ചമ്പായി ജില്ലയിലെ ന്യൂ ഹ്രുയ്‌കൗൺ ഗ്രാമത്തിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ഹൈസ്‌കൂളിലാണ് ലാൽ പഠിക്കുന്നത്.
മഴയാണെങ്കിലും വെയിലാണെകിലും ഏത് നേരത്ത് വേണമെങ്കിലും സ്‌കൂളിൽ പോകാൻ ആള് റെഡിയാണ്. ഒരു ചാറ്റൽ മഴ കണ്ടാൽ കളക്ടറുടെ പേജ് നോക്കിയിരിക്കുന്ന തലമുറക്ക് ഒരു ഭീഷണിയാണ് ഇദ്ദേഹം. ദിവസവും 3 കിലോമീറ്റർ നടന്നാണ് സ്‌കൂളിലേക്ക് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
1945-ൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ഖുവാങ്‌ലെങ് ഗ്രാമത്തിലായിരുന്നു ലാലിന്റെ ജനനം. 2 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. ഒരേയൊരു മകൻ ആയതിനാൽ തന്ന പഠനം അധിക നാൾ തുടരാൻ ലാലിനായില്ല. അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിലെ പണിക്ക് പോകാൻ രണ്ടാം ക്ലാസിൽ തന്നെ പഠിപ്പ് നിർത്തേണ്ടി വന്നു. പല സ്ഥലങ്ങളിലേക്കും മാറിത്താമസിച്ച അദ്ദേഹം ഒടുവിൽ 1995-ൽ ന്യൂ ഹ്രുയ്‌കൗൺ ഗ്രാമത്തിൽ സ്ഥിരതാമസമാക്കി.
പ്രാദേശിക പ്രെസ്ബിറ്റീരിയൻ പള്ളിയിൽ കാവൽക്കാരനായി ജോലിചെയ്തുവരികയായിരുന്നു. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം മുടങ്ങിയതിൽ എന്നും നല്ല വിഷമമുണ്ടായിരുന്നു. ഇതിനിടെ ഇംഗ്ലീഷ് ഭാഷയോട് കടുത്ത താല്പര്യം തോന്നി. ഇംഗ്ലീഷിനോടുള്ള ഇഷ്ടമാണ് വീണ്ടും സ്‌കൂളിന്റെ പടിക്കൽ കൊണ്ടെത്തിച്ചത്. ഇംഗ്ലീഷിൽ അപേക്ഷകൾ എഴുതുകയും ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്തകൾ മനസിലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ലാൽ പറഞ്ഞു.